indian-military

ന്യൂഡൽഹി: 2021ലെ സൈനിക ചെലവിന്റെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് സ്‌റ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്. ബ്രിട്ടനെയും റഷ്യയെയും പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 7660 കോടി ഡോളറാണ് കഴിഞ്ഞ വർഷം മാത്രം ഇന്ത്യ സൈനിക കാര്യങ്ങൾക്കായി ചെലവിട്ടത്. 2012 ലെ കണക്ക് വച്ച് നോക്കുമ്പോൾ 33 ശതമാനം വർദ്ധനയാണ് 2021ൽ രേഖപ്പെടുത്തിയിരിക്കുന്നത്.

തദ്ദേശീയ ആയുധ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2021ലെ ഇന്ത്യൻ സൈനിക ബജറ്റിലെ മൂലധന ചെലവിന്റെ 64 ശതമാനവും ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ആയുധങ്ങൾ ഏറ്റെടുക്കുന്നതിനാണ് നീക്കിവച്ചിരിക്കുന്നത്.

സൈനിക ചെലവിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടാം സ്ഥാനത്ത് ചൈനയുമാണ് ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സൈന്യത്തിനായി അമേരിക്ക 801 ബില്യൺ ഡോളർ ചെലവഴിച്ചപ്പോൾ ചൈന 293 ബില്യൺ ഡോളറാണ് ചെലവഴിച്ചത്. അതേസമയം, ലോകത്തിലെ മുഴുവൻ സൈനിക ചെലവ് 2113 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. നാലാം സ്ഥാനത്തുള്ള ബ്രിട്ടൺ 68.4 ബില്യൺ ഡോളറും അഞ്ചാം സ്ഥാനത്തുള്ള റഷ്യ 65.9 ബില്യൺ ഡോളറുമാണ് തങ്ങളുടെ സൈന്യങ്ങൾക്കായി ചെലവിടുന്നത്.