jignesh-mewani

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ ദളിത് നേതാവും ഗുജറാത്ത് എം.എൽ.എ ജിഗ്‌നേഷ് മേവാനിക്ക് അസാം കൊക്രജാർ കോടതി ഉപാധികളോടെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചെങ്കിലും മിനിട്ടുകൾക്കുള്ളിൽ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.

കൊക്രെജാറിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലാണ് അസാമിലെ ബാർപേട്ട പൊലീസ് മേവാനിയെ അറസ്റ്റ് ചെയ്തത്.

ഇതേ കുറ്റങ്ങൾ ചുമത്തി അസാമിലെ ഗോൾപാറയിൽ മേവാനിക്കെതിരെ മറ്റൊരു കേസും ഫയൽ ചെയ്തതായും മേവാനിയുടെ അഭിഭാഷകൻ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.

ഗാന്ധിജിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്തതിന്, കഴിഞ്ഞ വ്യാഴാഴ്ച

അസാമിൽ നിന്നെത്തിയ പൊലീസ് സംഘം ഗുജറാത്തിലെ പാലംപുരിൽനിന്ന് മേവാനിയെ രാത്രി 11.30ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

അസാമിലെ ബി.ജെ.പി നേതാവ് അരൂപ് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. ഗൂഢാലോചന, സമൂഹത്തിൽ സ്പർദ്ധ വളർത്തൽ, സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രവൃത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തിരുന്നു. ദളിത് നേതാവായ ജിഗ്‌നേഷ് 2017ൽ കോൺഗ്രസ് പിന്തുണയോടെയാണ് ജയിച്ചത്.

എന്റെ അറസ്റ്റിന് പിന്നിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കുടിപ്പകയാണ്. ബി.ജെ.പിയും ആർ.എസ്.എസും നടത്തിയ ഗൂഢലോചനയാണിത്. എന്റെ പ്രതിച്ഛായ തകർക്കാനാണ് ഉദ്ദേശ്യം. വ്യവസ്ഥാനുസൃതമായാണ് അവരത് ചെയ്യുന്നത്. രോഹിത് വെമുലയ്ക്കും ചന്ദ്രശേഖർ ആസാദിനുമെതിരെ ചെയ്തതും ഇതാണ്. ഇപ്പോഴവർ എന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

– ജിഗ്‌നേഷ് മേവാനി