dyfi

കണ്ണൂർ: ഡിവൈഎഫ്ഐയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കി. പൊതുമദ്ധ്യത്തിലേക്ക് കൊണ്ടുവന്ന് വീണ്ടും വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ പ്രതികരിക്കാൻ ഞാനും നിർബന്ധിതനായേക്കും. അപ്പോഴുണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഉത്തരവാദിത്തം പറയേണ്ടുന്നത് ഇതിന് തുടക്കമിട്ടവരാണ് എന്നാണ് അർജുൻ പോസ്റ്റിൽ പറയുന്നത്.

മേയ് ഒന്നിന് നടത്തുമെന്ന് പറഞ്ഞിരുന്ന പത്രസമ്മേളനം താത്കാലികമായി ഉപേക്ഷിക്കുന്നതായും കുറിപ്പിൽ പറയുന്നുണ്ട്. ഡിവൈഎഫ്ഐ നേതാവായ മനു തോമസിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് വന്നതോടെ ഇതിന് പിന്നിൽ ലഹരിക്കടത്ത് സംഘങ്ങളാണെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ആരോപിച്ചിരുന്നു.

തുടർന്ന് മേയ് ഒന്നിന് പത്രസമ്മേളനം നടത്തുമെന്ന് അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ആ പത്രസമ്മേളനമാണ് ഇപ്പോൾ ഉപേക്ഷിച്ചതായി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്കിന്റെ പൂർണരൂപം

ഒരു ജില്ലാ നേതാവ് ചാനലുകാർക്ക് വാർത്തകൾ ചോർത്തിക്കൊടുക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ ആ ജില്ലാ നേതാവിനെ മെൻഷൻ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് സംഘടന എനിക്കെതിരെ പരാതി കൊടുത്തിട്ടുള്ളത്.

പോസ്റ്റിട്ടയാൾ ഞാനല്ല, മെൻഷൻ ചെയ്തു എന്നത് ഒഫൻസുമല്ല, എങ്കിലും മനഃപൂർവ്വം എന്നെയും ഇതിലേക്ക് വലിച്ചിഴച്ച് മറ്റൊരു ദിശയിലേക്ക് വിഷയം കൊണ്ടെത്തിക്കുന്ന പ്രവണത ശരിയല്ല.

അങ്ങനെ വീണ്ടും വീണ്ടും എന്നെ പൊതുമദ്ധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ പ്രതികരിക്കാൻ ഞാനും നിർബന്ധിതനായേക്കും. അപ്പോഴുണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഉത്തരവാദിത്വം പറയേണ്ടുന്നത് ഇതിന് തുടക്കമിട്ടവരാണ്.

നിങ്ങൾക്ക് വിദ്വേഷമുണ്ടാവാം, അയിത്തം കല്പിച്ച തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാവാം. അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. അനാവശ്യകാര്യങ്ങൾക്ക് ഉപദ്രവിക്കാതിരിക്കുക, അതാർക്കും ഗുണം ചെയ്യുകയില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധർക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാൻ ചെയ്തിട്ടില്ല.

രാഷ്ട്രീയം ഉപജീവനമാർഗ്ഗം ആയിക്കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കു കച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദർശ വിപ്ലവകാരികൾ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാനും നിൽക്കുന്നില്ല. വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്. പത്രസമ്മേളനം താൽക്കാലികമായി ഉപേക്ഷിക്കുന്നു.- ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.