
ഗുവഹാത്തി: ട്വീറ്റ് വിവാദത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി വീണ്ടും അറസ്റ്റിലായി. അസമിലെ കോടതിയിൽ നിന്നും ജാമ്യം കിട്ടിയതിന് പിന്നാലെയാണ് അറസ്റ്റ്. ഏത് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നത് വ്യക്തമല്ല.
കഴിഞ്ഞ ബുധനാഴ്‌ച രാത്രി 11.30ന് ഗുജറാത്തിലെ പാലംപുരിയിൽ നിന്ന് അസമിൽ നിന്നെത്തിയ പൊലീസ് മേവാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്തതിനായിരുന്നു അറസ്റ്റ്. കുറ്റകരമായ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തൽ, സമാധാനാന്തരീക്ഷം തകർക്കുന്ന തരത്തിലെ പ്രകോപനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്.
കൊക്രാഝാര്‍ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് മേവാനിയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിന്റെ പേരിൽ രാഷ്ട്രീയ വിവാദം മുറുകവേയാണ് രണ്ടാമത്തെ നടപടി. മേവാനിയെ കൊക്രാഝാര്‍ ജയിലിൽ വീണ്ടും പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്.