
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തെ മദ്യനയത്തിൽ പഴങ്ങളിൽ നിന്ന് വൈൻ ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി വൈൻ ഉത്പാദന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള ചട്ടങ്ങൾക്ക് രൂപം നൽകി. എക്സൈസ് വകുപ്പാണ് ചട്ടങ്ങൾ തയ്യാറാക്കിയത്. ഇവ ഇനി നിയമവകുപ്പ് പരിശോധിച്ചശേഷം നികുതി വകുപ്പിന്റെ അംഗീകാരത്തോടെ പ്രാബല്യത്തിൽ വരും.
മൂന്ന് വർഷത്തേക്കാണ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നത്. 50000 രൂപയാണ് വാർഷിക ലൈസൻസ് ഫീസ്. ഇതിനുപുറമേ 5000 രൂപ ബോട്ട്ലിംഗ് ഫീസായും നൽകണം. സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടവും സ്വത്തുവകകളും സർക്കാരിന് ഈട് നൽകുകയും വേണം. ഏതെങ്കിലും തരത്തിലുള്ള സാഹചര്യം ഉടലെടുത്താൽ സർക്കാരിന് ഇവ ജപ്തി ചെയ്യാൻ സാധിക്കും.
ഇതിനു പുറമേയുള്ള മറ്റൊരു നിബന്ധന ഉത്പാദന കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും എക്സൈസ് വകുപ്പും തമ്മിൽ കരാറിൽ ഏർപ്പെടണമെന്നതാണ്. ലൈസൻസ് അനുവദിച്ച് 10 ദിവസത്തിനുള്ളിൽ കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുകയും അടച്ച ഫീസ് ഉടമയ്ക്ക് നഷ്ടമാകുകയും ചെയ്യും.
ഉത്പാദന കേന്ദ്രത്തിന്റെ ലൈസൻസ് അനുവദിക്കുന്നത് എക്സൈസ് വകുപ്പാണ്. ഇതിനുവേണ്ടി ഉത്പാദന കേന്ദ്രത്തിന് വേണ്ടിയുള്ള കെട്ടിടത്തിന്റെ വിവരങ്ങളും സാങ്കേതിക റിപ്പോർട്ടും അസംസ്കൃത വസ്തുക്കൾ എവിടെനിന്നും ലഭിക്കുന്നുവെന്നതിന്റെ വിവരങ്ങളും അപേക്ഷകന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച രേഖകളും എക്സൈസിന് നൽകണം.
എക്സൈസ് കമ്മിഷണർ വിവരങ്ങൾ പരിശോധിച്ച ശേഷം അപേക്ഷകൻ മുമ്പ് അബ്കാരി കേസിലകപ്പെട്ടിട്ടില്ലെന്നും അപേക്ഷകന്റെ ധനസ്ഥിതി തൃപ്തികരമാണോയെന്നും പരിശോധിക്കണം. ഡെപ്യൂട്ടി കമ്മിഷണറായിരിക്കും ലൈസൻസ് പുതുക്കുക. വൈൻ നിർമാണ കേന്ദ്രത്തിലെ മുറികളിലേക്ക് ഒരു വാതിൽ മാത്രമേ പാടുള്ളൂ. ഒരു താക്കോൽ ഉടമസ്ഥനും ഒരു താക്കോൽ എക്സൈസ് ഇൻസ്പെക്ടറും സൂക്ഷിക്കണമെന്നും ചട്ടങ്ങളിൽ പറയുന്നു.