musk

നാടകീയ സംഭവങ്ങൾക്ക് ഇന്ന് അവസാനം. സമൂഹമാദ്ധ്യമ ഭീമൻ ട്വിറ്റർ ഇന്ന് ഇലോൺ മസ്‌കിന് സ്വന്തമാകുമെന്ന് റിപ്പോർട്ടുകൾ. 43 ബില്യൺ ഡോളറിനാണ് ട്വി‌റ്റർ വാങ്ങാൻ ടെസ്‌ല, സ്‌പേസ്‌ എക്‌സ് മേധാവിയായ മസ്‌ക് മുൻപ് താൽപര്യം പ്രകടിപ്പിച്ചത്. എന്നാൽ ഇതിന് പിന്നാലെയുണ്ടായ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് മസ്‌ക് ട്വി‌റ്റ‌ർ ഇപ്പോൾ സ്വന്തമാക്കുന്നതെന്നാണ് വിവരം.

മസ്‌ക് മുന്നോട്ടുവച്ച ഓഫർ ട്വി‌റ്റർ ഞായറാഴ്‌ച പുന:പരിശോധിച്ചു. ഈയാഴ്ച തന്നെ ഇക്കാര്യം ഉടമ്പടിയാകും.ഈ ഉടമ്പടിയിലെ ചില നിബന്ധനകളുടെ പേരിൽ ട്വി‌റ്റർ മാനേജ്‌മെന്റും മസ്‌കും തമ്മിൽ തിങ്കളാഴ്‌ച തന്നെ ചർച്ച നടക്കും. ഇത് അംഗീകരിച്ചാൽ ഇന്നുതന്നെ മസ്‌കിന് സ്വന്തമാകും ട്വി‌റ്റർ.

മസ്‌കിന്റെ ബിഡിന് പിന്നാലെ ഉയർന്നുവന്ന സ്‌തംഭനാവസ്ഥ പരിഹരിക്കാനുള‌ള ശ്രമത്തിലാണ് മസ്‌കും ട്വി‌റ്ററും ഇപ്പോൾ. ട്വി‌റ്റർ ബോർഡിന് മസ്‌കിന്റെ ബി‌ഡ് തള‌ളിക്കളയാനും അവസരമുണ്ട്. ഒരു ഷെയറിന് 54.20 ഡോളർ വച്ച് 43 ബില്യണാണ് മസ്‌ക് ഏപ്രിൽ 14ന് ട്വി‌റ്ററിന് നൽകിയ വില. എന്നാൽ എങ്ങനെയാണ് കമ്പനി സ്വന്തമാക്കുക എന്നതിനെക്കുറിച്ച് ഇതുവരെ മസ്‌ക് വെളിപ്പെടുത്തിയിട്ടില്ല.

കമ്പനിയുടെ 9.2 ശതമാനം ഷെയർ സ്വന്തമാക്കിയതോടെ ഏറ്റവും വലിയ ഷെയർഹോൾഡറായി മസ്‌ക് മാറി. ട്വി‌റ്റർ ബോർഡ് അംഗമാകാനുള‌ള ട്വി‌റ്റർ സിഇഒ പരാഗ് അഗർവാളിന്റെ വാഗ്‌ദാനം മസ്‌ക് തള‌ളിയിരുന്നു. ട്വി‌റ്ററിന് വേണ്ടി മറ്ര് ചില പദ്ധതികളായിരുന്ന മസ്‌കിനുണ്ടായിരുന്നത്. അതാണ് ഏപ്രിൽ 14ന് പുറത്തുവന്നത്. കമ്പനിയെ തന്നെ ഏറ്രെടുക്കാനുള‌ള മസ്‌കിന്റെ നീക്കം.

മസ്‌കിന്റെ കൈയിൽ കമ്പനി പെടാതിരിക്കാൻ 'പോയിസൺ പിൽ' എന്ന കോർപറേറ്ര് തന്ത്രം ട്വി‌റ്റർ ബോർഡ് സ്വീകരിച്ചിരുന്നു. മസ്‌കിന്റെ കൈവശമുള‌ള ഓഹരി ക്രമേണ കുറയുന്നതും ഓഹരി വില വർദ്ധിക്കുന്നതുമാണത്. എന്നാൽ തന്റെ ആശയം പരമാവധി വ്യക്തമായി അവതരിപ്പിക്കാൻ മസ്‌ക് ഓഹരിയുടമകളെ നേരിട്ട് സ്വകാര്യമായി കണ്ട് കരാറിന്റെ നേട്ടം അറിയിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.

ട്വിറ്ററിൽ നഷ്‌ടപ്പെട്ട അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രശ്നം താൻ പരിഹരിക്കുമെന്ന് ഓഹരിയുടമകളോട് മസ്‌ക് പറഞ്ഞു. ഓഹരിയുടമകളുമായി വീഡിയോകോൾ വഴി മസ്‌ക് ഇക്കാര്യം നേരിട്ട് സംസാരിച്ചു. ഈ ചർച്ചകളിൽ തീരുമാനം ഇന്നുണ്ടായാൽ ഇലോൺ മസ്‌ക് തന്നെയാകും ട്വി‌റ്ററിന്റെ സ്വന്തം ഉടമ.