pollard-pandya

മുംബയ്: ഐ പി എൽ മത്സരത്തിനിടെ മുംബയ് താരം കീറോൺ പൊള്ളാർഡിനെ പുറത്താക്കിയതിന് പിന്നാലെ ബാറ്ററെ ഉമ്മ വച്ച് പവലിയനിലേക്ക് യാത്രയയച്ച ലക്ക്നൗ സൂപ്പർ ജയന്റ്സ് താരം കൃണാൾ പാണ്ഡ്യയുടെ പ്രവൃത്തിക്കെതിരെ രൂക്ഷ വിമർശനം. മുംബയ് ഇന്നിംഗ്സിന്റെ അവസാന ഓവറിലായിരുന്നു സംഭവം. 20ാം ഓവറിന്റെ ആദ്യ പന്ത് തന്നെ ഉയർത്തിയടിച്ച പൊള്ളാർഡ് ഡീപ് മിഡ്‌വിക്കറ്റിൽ ദീപക് ഹൂഡ പിടിച്ച് പുറത്താകുകയായിരുന്നു.

കുറച്ചുനാളുകളായി മോശം ഫോം തുടരുന്ന പൊള്ളാർഡ് പവലിയനിലേക്ക് തിരിച്ചു നടക്കുന്നതിനിടെ ബൗളറായ കൃണാൾ പാണ്ഡ്യ ഓടിച്ചെന്ന് മുംബയ് താരത്തെ ഉമ്മ വയ്ക്കുകയായിരുന്നു. മുമ്പ് മുംബയ് ഇന്ത്യൻസ് ടീമിലായിരുന്ന കൃണാൾ പാണ്ഡ്യയുടെ മുൻ ടീംമേറ്റ് കൂടിയാണ് പൊള്ളാർഡ്. ആ ബന്ധം വച്ചിട്ടാകാം പാണ്ഡ്യ ഇങ്ങനെ ചെയ്തത്.

എന്നാൽ ട്വിറ്ററിൽ കൃണാൾ പാണ്ഡ്യയുടെ ഈ പ്രവൃത്തി അത്ര മികച്ച പ്രതികരണമല്ല ഉയർത്തിയത്. ഓസ്കാർ വേദിയിൽ വിൽ സ്മിത്ത് ചെയ്തത് പോലെ പൊള്ളാർഡ് കൃണാൾ പാണ്ഡ്യയുടെ ചെകിട് അടിച്ച് പൊളിക്കണമായിരുന്നെന്നാണ് ഒരു ട്വീറ്റിലെ വിമർശനം. എട്ട് മത്സരങ്ങളിലെ തോൽവിയുമായി നിൽക്കുന്ന ഒരാളോട് ഇങ്ങനെ പെരുമാറാൻ പാണ്ഡ്യയ്ക്ക് എങ്ങനെ സാധിച്ചെന്നാണ് മറ്റൊരു പ്രതികരണം.

മത്സരത്തിൽ പരാജയപ്പെട്ട മുംബയ് ഇന്ത്യൻസ് ഐ പി എല്ലിലെ തുടർച്ചയായ എട്ടാം മത്സരത്തിലാണ് പരാജയം നുണയുന്നത്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുക്കാനെ മുംബയ്ക്ക് സാധിച്ചുള്ളൂ.

A kiss on the head by Krunal Pandya to Kieron Pollard. #LSGvsMI #LSG #MIvsLSG #RohitSharma𓃵 pic.twitter.com/UcsYTig2vh

— chakdecricket (@chakdecricket1) April 24, 2022