
മുംബയ്: വാങ്ങിച്ച് ഒരാഴ്ചക്കുള്ളിൽ കേടായ ഓലയുടെ ഇലക്ട്രിക്ക് സ്കൂട്ടർ കഴുതയെ കൊണ്ട് വലിപ്പിച്ച് മഹാരാഷ്ട്ര സ്വദേശിയുടെ വേറിട്ട പ്രതിഷേധം. സ്കൂട്ടർ നിർമാതാക്കളായ ഓലയെ നിരവധി തവണ സമീപിച്ചിട്ടും അവരിൽ നിന്ന് ഒരു സഹായവും ലഭിക്കാതെ വന്നതിനെ തുടർന്നാണ് താൻ ഇത്തരത്തിലൊരു പ്രതിഷേധം നടത്തുന്നതെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ സ്ഥിരതാമസമാക്കിയ സച്ചിൻ ഗിട്ടെ പറഞ്ഞു.
ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് സച്ചിന്റെ പ്രതിഷേധം പുറംലോകമറിയുന്നത്. വാങ്ങിച്ച് ആറ് ദിവസമായപ്പോഴേക്കും സ്കൂട്ടർ പ്രവർത്തിക്കാതെ ആയെന്നും നിരവധി തവണ ആവശ്യപ്പെട്ടതിനു ശേഷം ഓലയിൽ നിന്നും ഒരു മെക്കാനിക്ക് വന്ന് സ്കൂട്ടർ പരിശോധിച്ച ശേഷം മടങ്ങിപ്പോയെന്നും സച്ചിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മെക്കാനിക്ക് വന്ന് പരിശോധിച്ച് മടങ്ങിയതല്ലാതെ സ്കൂട്ടറിന്റെ തകരാർ പരിഹരിക്കപ്പെട്ടില്ലെന്നും ഓലയുടെ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടെങ്കിലും അവർക്ക് പോലും ഒരു പോംവഴി കണ്ടെത്താൻ സാധിച്ചില്ലെന്നും സച്ചിൻ ആരോപിച്ചു.
ഓല കമ്പനിയുടെ ഇത്തരത്തിലുള്ള നടപടിക്കെതിരായ പ്രതിഷേധമായിട്ടാണ് താൻ കഴിതയെകൊണ്ട് സ്കൂട്ടർ കെട്ടിവലിക്കുന്നതെന്ന് സച്ചിൻ വ്യക്തമാക്കി. ഓല നിങ്ങളെ വിഡ്ഢികളാക്കാതെ സൂക്ഷിക്കുക എന്ന പോസ്റ്ററും ഇയാൾ സ്കൂട്ടറിന് മുകളിലായി ഒട്ടിച്ചിട്ടുണ്ട്.