udhav

മുംബയ്: ഹനുമാൻ ചാലീസ ജപിച്ചുകൊണ്ടുള‌ള മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പോരിൽ മറുപടിയുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. 'ഹനുമാൻ ചാലീസ ജപിക്കുന്നെങ്കിൽ ജപിച്ചോളൂ. ശേഷം വീട്ടിൽ വന്നും ജപിക്കാം. എന്നാൽ ഗുണ്ടായിസം വേണ്ട. അങ്ങനെ ചെയ്‌താൽ അത് എങ്ങനെ തകർക്കണമെന്ന് ബാബാ സാഹെബ്( ബാൽ താക്കറെ) ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.' ഉദ്ദവ് മുന്നറിയിപ്പ് നൽകി.

താൻ ഗദാധാരിയാണെന്നും ശിവസേന അദ്ധ്യക്ഷൻ വ്യക്തമാക്കി. ഈ വിവാദം അവസാനിപ്പിക്കാൻ വൈകാതെ താൻ ഒരു റാലി നടത്തുമെന്നും ഉദ്ദവ് പ്രഖ്യാപിച്ചു. ഹനുമാൻ ചാലീസ ജപിച്ച് വിവാദമുണ്ടാക്കിയവർ ദുർബലരായ ഹിന്ദുത്വവാദികളാണെന്നും വ്യാജ നവഹിന്ദുത്വമാണ് അവരുടേതെന്നും കാവി നിറമുള‌ള വസ്‌ത്രം ആർക്കാണെന്നതിൽ അവർ തമ്മിൽ മത്സരമാണെന്നും ഉദ്ദവ് താക്കറെ പരിഹസിച്ചു.

ബാബറി മസ്‌ജിദ് തകർത്തപ്പോൾ മിണ്ടാതെയിരുന്നവരാണ് പ്രശ്‌നക്കാരെന്ന് ഉദ്ദവ് പറഞ്ഞു. അമരാവതി എം.പിയായ നവനീത് റാണ, ഭർത്താവും എംഎൽ‌എയുമായ രവി റാണ എന്നിവർ മുഖ്യമന്ത്രിയുടെ വസതിയ്‌ക്ക് മുന്നിൽ ഹനുമാൻ ചാലീസ ജപിക്കുന്നതിന് വെള‌ളിയാഴ്‌ച പുലർച്ചെ എത്തിയിരുന്നു. ഇവരെ അറസ്‌റ്റ് ചെയ്‌ത് നീക്കി. എഫ്‌ഐ‌ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള‌ളിയിരുന്നു. ജനപ്രതിനിധികളായാൽ അൽപം ഉത്തരവാദിത്വം കാണിക്കണമെന്നും കോടതി ഇവരെ ശാസിച്ചിരുന്നു.