kushal-das

ന്യൂഡൽഹി: ഇന്ത്യയിൽ ഫുട്ബാൾ നിയന്ത്രിക്കുന്ന ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനിൽ (എ ഐ എഫ് എഫ്) നടക്കുന്നത് വെള്ളമടിയും പെണ്ണുപ്പിടിത്തവുമെന്ന ഗുരുതര ആരോപണവുമായി ഐ ലീഗ് ക്ളബ് പഞ്ചാബ് എഫ് സിയുടെ മുൻ ഉടമ രഞ്ജിത്ത് ബജാജ്. എ ഐ എഫ് എഫ് ജനറൽ സെക്രട്ടറിയായ കുശാൽ ദാസിനെതിരായാണ് രഞ്ജിത്ത് ബജാജിന്റെ ആരോപണങ്ങൾ.

കുശാൽ ദാസ് രാവിലെ പത്ത് മണിക്ക് ഓഫീസിൽ എത്തുന്നത് മുതൽ മദ്യപാനം ആരംഭിക്കുമെന്ന് ആരോപിക്കുന്ന രഞ്ജിത്ത് ബജാജ് ഇതിനകം തന്നെ കുശാൽ ദാസിനെതിരെ രണ്ട് സ്ത്രീപീഡന പരാതികൾ സഹപ്രവർത്തകരായ യുവതികൾ ഫയൽ ചെയ്തുകഴിഞ്ഞെന്നും ആരോപിച്ചു. എന്നാൽ കുശാൽ ദാസും പ്രസിഡന്റ് പ്രഫുൽ പട്ടേലും ചേർന്ന് ആ പരാതികൾ ഒതുക്കി തീർത്തതായും രഞ്ജിത്ത് ബജാജ് ആരോപിക്കുന്നു.

Person who humiliated him was none other than KUSHAL DAS drunkard general secretary of @IndianFootball -Savio sir is the best thing 2happen to Indian football development -AIFF did this just to spite me as I had offered to host pro license course for free-…cont.. pic.twitter.com/2N1eAr5BCU

— Ranjit Bajaj (@THE_RanjitBajaj) April 25, 2022

തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് രഞ്ജിത്ത് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. നേരത്തെ എ ഐ എഫ് എഫിലെ ഒരു ഉന്നതൻ അപമാനിച്ചെന്ന് കാണിച്ച് ടെക്നിക്കൽ ഡയറക്ടറായിരുന്ന സാവിയോ മെദീര രാജിവച്ചതായി വാത്തകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെ സാവിയോ മെദീര രാജിവച്ചിട്ടില്ലെന്ന് കാണിച്ച് എ ഐ എഫ് എഫ് പത്രകുറിപ്പ് ഇറക്കിയിരുന്നു.

എന്നാൽ സാവിയോ മെദീരയെ എ ഐ എഫ് എഫിലെ ഉന്നതൻ അപമാനിച്ചെന്ന് പറയുന്നത് വാസ്തവമാണെന്നും കുശാൽ ദാസ് ആണ് ഇതിനു പിന്നിലെന്നും രഞ്ജിത്ത് ആരോപിക്കുന്നു. ഇന്ത്യയിലെ പരിശീലകർക്ക് പ്രോ ലൈസൻസ് പരിശീലനം നൽകുന്നതുമായി ബന്ധപ്പെട്ട് വിവാദത്തിലാണ് സാവിയോ മെദീരയും എ ഐ എഫ് എഫും കൊമ്പുകോർത്തതെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം രഞ്ജിത്ത് ബജാജ് ഉന്നയിച്ച് ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ഇതിനെതിരെ എ ഐ എഫ് എഫ് നിയമനടപടി സ്വീകരിക്കുമെന്നും ഫെഡറേഷൻ പത്രകുറിപ്പിൽ അറിയിച്ചു. രഞ്ജിത്ത് ബജാജിന്റെ ആരോപണങ്ങൾ വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും സത്യത്തിന്റെ ഒരംശം പോലും അവയിലില്ലെന്നും എഐഎഫ്എഫ് വ്യക്തമാക്കി. ജനറൽ സെക്രട്ടറി കുശാൽ ദാസിനെതിരായ ആരോപണങ്ങളിൽ ഒരു തരിമ്പ് പോലും സത്യമില്ലെന്നും ബജാജ് പറയുന്നത് പോലുള്ള ഒരു സ്ത്രീപീഡന പരാതികളും ഇന്നുവരെ എഐഎഫ്എഫിന് ലഭിച്ചിട്ടില്ലെന്നും പത്രകുറിപ്പിൽ പറയുന്നു. ഇതുവരെയായും ആരും ഇത്തരത്തിലുള്ള പരാതിയുമായി തന്നെ സമീപിച്ചിട്ടില്ലെന്നും ജനറൽ സെക്രട്ടറിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് മനസിലാകുന്നില്ലെന്നും എഐഎഫ്എഫ് ഇന്റേണൽ കംപ്ളയിന്റ്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷ ജ്യോത്സ്ന ഗുപ്ത പറഞ്ഞു.