ipl

മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ ന‌ടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 11 റൺ​സി​ന് തോൽപ്പി​ച്ച് പഞ്ചാബ് കിംഗ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ് നിശ്ചിത 20ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 187 റൺസടിച്ചു. ചെന്നൈയുടെ മറുപടി​ 176/6 എന്ന സ്കോറി​ലൊതുങ്ങി​.

വെറ്ററൻ താരം ശിഖർ ധവാൻ 59 പന്തുകളിൽ ഒൻപത് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ പുറത്താകാതെ നേടിയ 88 റൺസാണ് പഞ്ചാബിന്റെ ഇന്നിംഗ്സിന് തുറുപ്പുചീട്ടായത്. ഭനുക രജപക്സ 32 പന്തുകളിൽ 42 റൺസ് നേടി.

ആറാം ഒാവറിൽ മായാങ്ക് അഗർവാളിനെ(18) നഷ്ടമായതിന് ശേഷം ക്രീസിൽ ഒരുമിച്ച ധവാനും രജപക്സയും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 110 റൺസാണ്.18-ാം ഓവറിൽ രജപക്സയെ പുറത്താക്കി ഡ്വെയ്ൻ ബ്രാവോയാണ് സഖ്യം പൊളിച്ചത്. ലിയാം ലിവിംഗ്സ്റ്റൺ (19),ബെയർ സ്റ്റോ (6) എന്നിവരുടെ വിക്കറ്റുകളും പഞ്ചാബിന് നഷ്ടമായി.

മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് റോബിൻ ഉത്തപ്പ(1),സാന്റ്നർ(9),ശിവം ദുബെ(8) എന്നിവരെ തുടക്കത്തിലേ നഷ്ടമായെങ്കിലും റിതുരാജ് ഗെയ്ക്ക്‌വാദ് (30), അമ്പാട്ടി റായ്ഡു (39 പന്തുകളിൽ ആറു സിക്സും ഏഴുഫോറും അടക്കം 78 റൺസ്) എന്നിവർ പൊരുതിയത് ആവേശം പകർന്നു. എന്നാൽ ഇരുവരെയും പുറത്താക്കിയ റബാദ പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. ജഡേജ 21 റൺസുമായി പുറത്താകാതെ നിന്നെങ്കിലും ധോണി (12) അവസാന ഓവറിൽ പുറത്തായത് ചെന്നൈയുടെ ഫിനിഷിംഗിനെ ബാധിച്ചു.

എട്ടുമത്സരങ്ങളിൽ പഞ്ചാബിന്റെ നാലാം വിജയമാണിത്. എട്ടുപോയിന്റുമായി പഞ്ചാബ് പട്ടികയിൽ ആറാമതെത്തിയപ്പോൾ ആറാം തോൽവി വഴങ്ങിയ ചെന്നൈ ഒൻപതാം സ്ഥാനത്തായി.

200 ശിഖർ ധവാന്റെ ഇരുന്നൂറാമത് ഐ.പി.എൽ മത്സരമായിരുന്നു ഇന്നലത്തേത്.ഐ.പി.എല്ലിൽ ധവാൻ 6000 റൺസ് തികയ്ക്കുകയും ചെയ്തു.