
ന്യൂഡൽഹി: ടെസ്‌ല ഇലക്ട്രിക്ക് കാറുകളുടെ ഉടമയും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായ എലോൺ മസ്ക്കിനെ ടാഗ് ചെയ്തു കൊണ്ട് ഇന്ത്യൻ വ്യവസായി ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവച്ച ചിത്രം ശ്രദ്ധ നേടുന്നു. കാളവണ്ടിയുടെ പിന്നിൽ കിടന്ന് ഉടമ ഉറങ്ങുമ്പോൾ യാതൊരു പ്രശ്നവും ഉണ്ടാക്കാതെ മുന്നോട്ട് പോകുന്ന കാളകളുടെ ചിത്രമാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്.
യഥാർത്ഥ ടെസ്‌ല ഇന്ത്യക്ക് സ്വന്തമാണെന്നും ഈ വാഹനത്തിന് ഗൂഗിൾ മാപ്പിന്റെയോ ഇന്ധനത്തിന്റെയോ ആവശ്യമില്ലെന്നും പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുമെന്ന ഭയവും വേണ്ടെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു. ഡ്രൈവറിന്റെ സഹായമില്ലാതെ പ്രവർത്തിക്കുന്ന സെൽഫ് ഡ്രൈവ് കാറുകൾ ടെസ്‌ല പുറത്തിറക്കിയിരുന്നു.
BACK to the Future… @elonmusk pic.twitter.com/csuzuF6m4t
— anand mahindra (@anandmahindra) April 24, 2022
ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആ കാറുകൾ നേരത്തെ സെറ്റ് ചെയ്തു കൊടുക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ഉടമയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ലെന്നതാണ് ടെസ്‌ല വാഹനങ്ങളുടെ മറ്റൊരു പ്രത്യേകത. ഇക്കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. ഈ ട്വീറ്റിന് താഴെയായി നിരവധി പേർ കാളവണ്ടികളുടെ ചിത്രങ്ങളും തങ്ങളുടെ പഴയകാല ഓർമകളും പങ്കുവയ്ക്കുന്നുണ്ട്. കാളകൾ അങ്ങനെയാണെന്നും എത്ര ദൂരം പോയാലും തിരിച്ച് വീട്ടിലേക്കുള്ള വഴി അവർക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലെന്നും ഒരാൾ കുറിച്ചു.