
പട്യാല: ആശിച്ച് മോഹിച്ച് വാങ്ങിയ കുതിര മുട്ടൻ പണിയാകുമെന്ന് വസ്‌ത്ര വ്യാപാരിയായ രമേശ് സിംഗ് ഒരിക്കലും കരുതിക്കാണില്ല. പഞ്ചാബിലാണ് സംഭവം. സംഗ്രൂർ ജില്ലയിലെ വസ്‌ത്ര വ്യാപാരി രമേശ് സിംഗ് തിളങ്ങുന്ന കറുപ്പ് നിറമുളള മാർവാരി കുതിരയെ വാങ്ങാൻ നിശ്ചയിച്ചു. ലച്‌റ ഖാൻ എന്ന കുതിര കച്ചവടക്കാരൻ അത്തരത്തിൽ ഒരു കുതിര തന്റെപക്കലുണ്ടെന്ന് രമേശിനെ വിശ്വസിപ്പിച്ചു.
കറുത്ത കുതിരയെ വാങ്ങി മറിച്ചുവിറ്റാൽ നല്ല പണം ലഭിക്കുമെന്നും ലച്‌റ ഖാൻ പറഞ്ഞു. ഇതുകേട്ട് രമേശ് സിംഗ് 22.65ലക്ഷം നൽകി കുതിരയെ വാങ്ങി. അഞ്ച് ലക്ഷം രൂപയ്‌ക്ക് മറിച്ചുവിൽക്കാം എന്ന് കരുതിയാണ് വാങ്ങിയത്. എന്നാൽ കുതിരയെ വാങ്ങിക്കൊണ്ടുവന്ന് കഴുകിയതോടെ തനിനിറം പുറത്തായി. സാധാരണ കാണുന്ന ദേശി സ്‌റ്റീലിൻ വിഭാഗത്തിൽപെട്ട ഒരു കുതിരയായിരുന്നു അത്. കഴുകിയതോടെ കുതിരയുടെ കറുപ്പ് നിറം പോയി പകരം ശരിയായ ചുവന്ന നിറം പുറത്തുവന്നു.
ലച്‌റ ഖാനെതിരെ രമേശ് പരാതി നൽകി. അന്വേഷണത്തിൽ ഇയാൾ കൂടുതൽ പേരെ ഇതേതരം തട്ടിപ്പ് നടത്തി പറ്റിച്ചെന്ന് വെളിവായി. കുതിരയെ വാങ്ങാൻ ഉദ്ദേശിക്കുന്നയാളുടെ സാമ്പത്തിക വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ ശേഷമാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തി.