
മുംബയ്: പഞ്ചാബ് ഇന്നിംഗ്സിന്റെ ആദ്യ ഓവറിന്റെ മൂന്നാം പന്തിൽ ക്യാപ്ടൻ മായങ്ക് അഗർവാളിന്റെ ഷോട്ട് തടുക്കുന്നതിനിടെ കൈക്കുഴയ്ക്ക് പരിക്കേറ്റ് ഡ്രെസിംഗ് റൂമിലേക്ക് മടങ്ങാൻ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ്സ്മാൻ അമ്പാട്ടി റായിഡു നിർബന്ധിതനായിരുന്നു. എന്നാൽ ടീമിന് തന്റെ സേവനം ആവശ്യമുണ്ടെന്ന് മനസിലാക്കി പരിക്കിനെ അവഗണിച്ച് ബാറ്റിംഗിന് ഇറങ്ങിയ റായിഡുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിനും ചെന്നൈയെ പരാജയത്തിൽ നിന്ന് കരകയറ്റാൻ സാധിച്ചില്ല.
ഇന്ന് നടന്ന ഐ പി എൽ പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെ 11 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ചെന്നൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എടുക്കാനെ ചെന്നൈക്ക് സാധിച്ചുള്ളൂ.
കൂറ്റന സ്കോർ ലക്ഷ്യമിട്ട് ബാറ്റിംഗ് തുടങ്ങിയ ചെന്നൈക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഒരു ഘട്ടത്തിൽ 12 ഓവറിൽ 89-4 എന്ന നിലയിൽ പരുങ്ങിയിരുന്ന ചെന്നൈയെ കരകയറ്റിയത് പരിക്കിനെ അവഗണിച്ച അമ്പാട്ടി റായിഡു നടത്തിയ പ്രകടനമായിരുന്നു. 39 പന്തിൽ 78 റൺസ് നേടിയ റായിഡു പുറത്താകുമ്പോൾ ചെന്നൈക്ക് ജയിക്കാൻ 13 പന്തിൽ 35 റൺസ് വേണമായിരുന്നു. എന്നാൽ റായിഡുവിന് പകരം വലിയ ആരവങ്ങൾക്ക് നടുവിൽ ക്രീസിലെത്തിയ മുൻ ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണിക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. എട്ട് പന്തിൽ 12 റൺസെടുത്ത് മടങ്ങിയ ധോണിക്ക് പിന്നാലെ ചെന്നൈ പരാജയമുറപ്പിച്ചു.
പഞ്ചാബ് ക്യാപ്ടൻ മായങ്ക് അഗർവാളിന്റെ തന്ത്രങ്ങളായിരുന്നു വിജയത്തിന് പിന്നിൽ. അപാര ഫോമിൽ കളിച്ചുകൊണ്ടിരുന്ന അമ്പാട്ടി റായിഡുവിന് മുന്നിൽ അവസാന ഓവറുകളിൽ മികച്ച ബൗളർമാരായ റബാഡയേയും അർഷദീപ് സിംഗിനെയും ഇട്ടുകൊടുത്ത മായങ്ക് അഗർവാൾ അവസാന ഓവറിൽ ധോണിക്കെതിരെ ബൗൾ ചെയ്യാൻ തിരഞ്ഞെടുത്തത് റിഷി ധവാനെയും ആയിരുന്നു. റബാഡയും അർഷദീപും എറിഞ്ഞ 17, 18, 19 ഓവറുകളിൽ വെറും 17 റൺസും അമ്പാട്ടി റായിഡുവിന്റെ വിക്കറ്റും വീണതോടെ അവസാന ഓവറിൽ ധോണിയും ജഡേജയും സമ്മർദ്ദത്തിലായി. ഇത് മുതലാക്കാൻ റിഷി ധവാനും സാധിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി ഓപ്പണർ ശിഖർ ധവാൻ മികച്ച പ്രകടനം പുറത്തെടുത്തു. 59 പന്തിൽ പുറത്താകാതെ 88 റൺസെടുത്ത ധവാന് 42 റൺസെടുത്ത ഭനുക രജപക്സെ മികച്ച പിന്തുണ നൽകി.