tej

പട്‌ന: പാർട്ടിയിൽ നിന്നും രാജിവയ്‌ക്കുകയാണെന്ന് അറിയിച്ച് ആർജെഡി നേതാവും മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. ലാലുവിന്റെ മൂത്ത മകനായ തേജ് താൻ പിതാവിന്റെ പാത പിന്തുടർന്നുവെന്നും അച്ഛനെ സന്ദർശിച്ച് രാജികത്ത് നൽകുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

ഹസൻപൂർ മണ്ഡലത്തിലെ ജനപ്രതിനിധിയായ തേജ് എന്നാൽ എംഎൽഎസ്ഥാനം രാജിവയ്‌ക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. ആർജെഡിയിലെ യുവനേതാവ് രാംരാജിനെ ലാലുവിന്റെ വീട്ടിൽ നടന്ന ഇഫ്‌താർ പാർട്ടിക്കിടെ ഏപ്രിൽ 22ന് തേജ് മർദ്ദിച്ചിരുന്നു. ഇതിൽ യുവനേതാവ് പരാതി ഉന്നയിച്ചിരുന്നു.

നേരത്തെയും രാംരാജിനോട് തേജ് പ്രതാപ് വഴക്കിട്ടിരുന്നു. മാത്രമല്ല തേജ് തന്റെ പിതാവ് ലാലു പ്രസാദ് യാദവിനെയും മാതാവ് റാബ്‌റി ദേവിയെയും സഹോദരൻ തേജസ്വി .യാദവ് എന്നിവരെയും അധിക്ഷേപിക്കുകയും ചെയ്‌തെന്ന് രാംരാജ് ആരോപിച്ചു. ഇതിന് പിന്നാലെ രാംരാജ് പാർട്ടിയിൽ നിന്ന് രാജിവയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് തേജ് പ്രതാപ് യാദവ് രാജിവച്ചത്.