sreenivasan

പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ രണ്ട് പേർ കൂടി പിടിയിൽ. ഇതിലൊരാൾ ശ്രീനിവാസനെ വെട്ടിയ ആളാണെന്ന് സൂചനയുണ്ട്. ഗൂഢാലോചനയിൽ പങ്കെടുത്തതിനാണ് മറ്റേയാളെ പിടികൂടിയത്. കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും.

ഏപ്രിൽ പതിനാറിന് ഉച്ചയ്‌ക്ക് മേലാമുറി ജംഗ്‌ഷനിലെ സ്വന്തം കടയിൽവച്ചാണ് ശ്രീനിവാസൻ ആക്രമണത്തിനിരയായത്. മൂന്ന് ബൈക്കുകൾക്ക് പുറമെ കൊലയാളി സംഘം കാറും ഉപയോഗിച്ചിരുന്നുവെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഈ കാറിലാണ് ആയുധമെത്തിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മേലാമുറിക്ക് സമീപത്തു വച്ചാണ് ആയുധങ്ങൾ അക്രമിസംഘത്തിന് കൈമാറിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ബൈക്കിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഈ മൂന്ന് പേരിൽ ഒരാളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ആറംഗ സംഘത്തിലെ രണ്ട് പേരാണ് ഇതുവരെ പിടിയിലായത്.


അതേസമയം എസ് ഡി പി ഐ നേതാവ് സുബൈർ വധക്കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് നടക്കും. ഏപ്രിൽ പതിനഞ്ചിനാണ് സുബൈർ കൊല്ലപ്പെട്ടത്. 2021 നവംബർ 15ന് കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉറ്റസുഹൃത്തുക്കളും ആർ എസ് എസ് പ്രവർത്തകരുമാണ് കേസിലെ പ്രതികൾ. സഞ്ജിത്തിന്റെ കൊലപാതകത്തിലുള്ള വൈരാഗ്യമാണ് സുബൈറിന്റെ കൊലപാതകത്തിന് കാരണമെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.