elon-musk

വാഷിംഗ്ടൺ: വിശ്വസമ്പന്നൻ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തു. 44 ബില്യൺ ഡോളറിനാണ് കരാർ ഒപ്പിട്ടത്. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഈ മാസം ആദ്യം മസ്‌ക് സ്വന്തമാക്കിയിരുന്നു. തന്നെ വിമർശിക്കുന്നവരും ട്വിറ്ററിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.

അഭിപ്രായ സ്വാതന്ത്ര്യത്തിനായാണ് നിലകൊള്ളുന്നതെന്നും മസ്‌ക് വ്യക്തമാക്കി.അഭിപ്രായ സ്വാതന്ത്ര്യം നിലനിൽക്കണമെങ്കിൽ ട്വിറ്റർ സ്വകാര്യ ഉടമസ്ഥതയിലായിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ടെസ്ല, സ്‌പേയ്സ് എക്സ് കമ്പനികളുടെ സി ഇ ഒ ആണ് മസ്‌ക്.

I hope that even my worst critics remain on Twitter, because that is what free speech means

— Elon Musk (@elonmusk) April 25, 2022

ട്വിറ്ററിന്റെ സ്ഥാപകനും മുഖ്യ ഓഹരി ഉടമയുമായ ജാക്ക് ഡോഴ്സി (45) സ്ഥാപനത്തിൽ തുടരുമെന്നും സൂചനയുണ്ട്. ജാക്ക് ഡോഴ്സി വഹിച്ചിരുന്ന സി ഇ ഒ പദവി അടുത്തിടെയാണ് ഇന്ത്യക്കാരനായ സോഫ്ട്‌‌വെയർ എൻജിനീയർ പരാഗ് അഗർവാളിന് കൈമാറിയത്. പരാഗ് അഗർവാൾ തൽസ്ഥാനത്ത് തുടരുമോയെന്ന് വ്യക്തമല്ല.


കമ്പനിയുടെ ഭാവി എന്താകുമെന്ന് അറിയില്ലെന്ന് പരാഗ് അഗർവാൾ പ്രതികരിച്ചു. നിലവിൽ ട്വിറ്ററിൽ 39 കോടി സജീവ അംഗങ്ങളാണുള്ളത്.