dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതി പരിഗണിക്കും. തുടരന്വേഷണത്തിൽ ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് നിരവധി തെളിവുകൾ കിട്ടിയെന്ന് കാണിച്ചാണ് അന്വേഷണ സംഘം ഹർജി നൽകിയത്.

ഹർജിയിൽ ഏപ്രിൽ 26ന് മറുപടി നൽകാൻ കോടതി നേരത്തെ ദിലീപിന് നിർദേശം നൽകിയിരുന്നു. തെളിവുകൾ നശിപ്പിക്കാൻ നടൻ ശ്രമിച്ചെന്നും, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ഡിജിറ്റൽ തെളിവുകളുണ്ടെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ വാദം.

2017 ഫെബ്രുവരി 17ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. കേസിൽ അതേവർഷം ജൂലായിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. 85 ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്നു. കേസിനെ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന കർശന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.