researchers

ബംഗളൂരു: ആസ്ത്മ രോഗികൾ ഉപയോഗിക്കുന്ന മരുന്ന് കൊവിഡ് 19 പരത്തുന്ന വൈറസ് ശരീരത്തിനുള്ളിൽ ഇരട്ടിക്കുന്നത് (റെപ്ലിക്കേഷൻ) തടയുമെന്ന് ഗവേഷകർ. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ (ഐഐഎസ്‌സി) ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. പഠനപ്പ്രകാരം ആസ്ത്മ, ഹേ ഫീവർ തുടങ്ങിയ രോഗാവസ്ഥകൾ മൂലം ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാൻ ഉപയോഗിക്കുന്ന മോണ്ടെലുകാസ്റ്റ് എന്ന മരുന്നാണ് കൊവിഡ് 19 നെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത്.


കൊവിഡ് വൈറസ് അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ഇൻഹിബിറ്ററുകൾ രൂപകൽപന ചെയ്യുന്നതിനുള്ള ഒരു വഴികാട്ടിയാകുന്ന തന്മാത്രയായി മോണ്ടെലുകാസ്റ്റ് സോഡിയം ഹൈഡ്രേറ്റ് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് ഇ ലൈഫ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.


ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യത്ത് ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ വർദ്ധിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് പഠനം പുറത്തുവരുന്നത്. രാജ്യത്ത് ഇപ്പോൾ പടർന്നു പിടിക്കുന്നതിൽ ഒട്ടുമിക്ക കേസുകളും ഒമിക്രോൺ വകഭേദമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

മോണ്ടെലുകാസ്റ്റ് പരീക്ഷിച്ച രോഗികളിൽ ആശുപത്രിവാസം കുറച്ചതായി റിപ്പോർട്ടുകളുണ്ടെന്ന് ഗവേഷണത്തിന്റെ ഭാഗമായ ഐഐഎസ്‌സിയിലെ മോളിക്യുലാർ റീപ്രൊഡക്ഷൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തൻവീർ ഹുസൈൻ പറഞ്ഞു.