jayarajan-kodiyeri

കണ്ണൂർ: കെ റെയിലിനെതിരെ പ്രതിഷേധിച്ചവരെ സി.പി.എം പ്രവർത്തകർ കെെകാര്യം ചെയ്‌ത നടപടിയെ ന്യായീകരിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. മൊബെെൽ സമരക്കാരായ കോൺഗ്രസ് പ്രവർത്തകരാണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്നും അവരാണ് ഉദ്യോഗസ്ഥർക്കെതിരെ കൊലവിളി നടത്തുന്നതെന്നും ജയരാ‌ജൻ പറഞ്ഞു.

ഭൂവുടമകൾ ഇല്ലാത്തതും ജന പിന്തുണ ഇല്ലാത്തതുമായ സമരമാണ് നടന്നത്. ഉദ്യോഗസ്ഥനെ വധിക്കുമെന്ന് പറഞ്ഞ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് കിട്ടിയിട്ടും പുറത്ത് വിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തല്ലിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും രംഗത്തെത്തിയിട്ടുണ്ട്. 'കെ റെയിൽ അധികൃതർ ‍സ്ഥാപിച്ച അതിരടയാളക്കല്ലുകൾ പിഴുതെറിയാൻ കോൺഗ്രസും ബി.ജെ.പിയും ഇറങ്ങുമ്പോൾ സ്വാഭാവിക പ്രതികരണങ്ങൾ ഉണ്ടാകും.

തല്ല് ഒന്നിനും പരിഹാരമല്ല. എന്നാൽ തല്ലാനുള്ള സാഹചര്യം യുഡിഎഫും ബിജെപിയും ഉണ്ടാക്കരുത്. പ്രതിഷേധക്കാർ കല്ല് നീക്കം ചെയ്യുന്നത് ജനങ്ങളുടെ അംഗീകാരമില്ലാതെയാണ്'- കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സിൽവർ ലൈനുമായി ബന്ധപ്പെട്ട് സർക്കാർ സംഘടിപ്പിക്കുന്ന സംവാദ പരിപാടിയിൽ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനെതിരേയുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കോടിയേരി മറുചോദ്യം ഉന്നയിച്ചു. ജോസഫ് സി മാത്യു ആരാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ആരൊക്കെ സംവാദ പരിപാടിയിൽ പങ്കെടുക്കണം എന്നതിനെപ്പറ്റി തീരുമാനം എടുക്കുന്നത് കെ റെയിൽ അധികൃതരാണ്. ഇക്കാര്യത്തിൽ സർക്കാരിന് പങ്കില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

അതേസമയം പ്രതിഷേധം ഉണ്ടായ പ്രദേശത്ത് ഇന്ന് കല്ലിടൽ ഇല്ല. സാങ്കേതിക തകരാറാണെന്നാണ് അധികൃതർ പറയുന്നത്.

കണ്ണൂർ നടാലിൽ സിൽവർലൈൻ കല്ലിടലിനെതിരെ പ്രതിഷേധിക്കാനെത്തിയവരെയാണ് സി.പി.എം പ്രവർത്തകർ മർദിച്ചത്. എടക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമരത്തിനെത്തിയവരെ പ്രവർത്തകർ തല്ലിയോടിച്ചത്. ഇരുകൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പത്തോളം വരുന്ന കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്. ഇവരെ സിപിഎം പ്രവർത്തകരെത്തി തല്ലിയോടിക്കുകയായിരുന്നു. പൊലീസ് എത്തി ഉടൻ തന്നെ ആക്രമിച്ചവരെ കസ്റ്റഡിയിലെടുത്തു. ഇതിന്റെ പേരിൽ പൊലീസിനെതിരെയും പ്രവർത്തകർ തട്ടിക്കയറുന്ന സാഹചര്യം ഉണ്ടായി. പ്രതിഷേധം കാരണം കല്ലിടുന്നത് തടസപ്പെട്ടിരുന്നു.

പിന്നീട് കല്ലിട്ടപ്പോൾ തന്നെ ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകരെത്തി കല്ല് പിഴുതുമാറ്റുകയായിരുന്നു. പ്രദേശവാസികൾക്ക് ഇതിൽ പരാതിയില്ലെന്നും അതിനാൽ കോൺഗ്രസ് പ്രവർത്തകർ തിരികെ പോകണമെന്നായിരുന്നു സിപിഎം പ്രവർത്തകരുടെ ആവശ്യം.

കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ചാലയിലും പ്രതിഷേധങ്ങളുയർന്നിരുന്നു. നടാലിൽ കഴിഞ്ഞ വെള്ളിയാഴ്ചയും പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് കല്ലിടൽ നിർത്തിവച്ചിരുന്നു. പൊലീസ് സന്നാഹത്തോടെയാണ് വീണ്ടും കല്ലിടൽ ആരംഭിച്ചത്.