pm-modi

ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശ്മീർ സന്ദർശനത്തെ എതിർത്ത് പാകിസ്ഥാൻ. കാശ്മീരിൽ ജലവൈദ്യുത പദ്ധതികളുടെ തറക്കല്ലിട്ട ഇന്ത്യൻ പ്രധാനമന്ത്രിയുടെ നടപടി സിന്ധു നദീജല ഉടമ്പടിക്ക് വിരുദ്ധമായിട്ടുള്ളതാണെന്നും പാകിസ്ഥാൻ ആരോപിക്കുന്നു. മോദിയുടെ സന്ദർശനത്തിൽ കരിദിനമായി ആചരിച്ച കാശ്മീർ ജനതയ്‌ക്കൊപ്പമാണ് താനെന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്വീറ്റ് ചെയ്തു.

2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി കാശ്മീരിൽ സന്ദർശനം നടത്തിയത്. റാറ്റിൽ, ക്വാർ ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണത്തിന് തറക്കല്ലിടുകയും കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. എന്നാൽ മോദിയുടെ സന്ദർശനം പാകിസ്ഥാന് ഏറെ അസ്വസ്ഥതയുളവാക്കി എന്നാണ് പാക് പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിന്നും മനസിലാക്കുന്നത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റേതിന് സമാനമായ നയമാണ് പുതിയ പ്രധാനമന്ത്രിയും തുടരുന്നതെന്ന് ഇതോടെ വ്യക്തമായി. പ്രധാനമന്ത്രിയായതിന് തൊട്ടു പിന്നാലെ ഇന്ത്യയുമായി സമാധാന ചർച്ച നടത്താൻ മുൻകൈ എടുക്കുമെന്ന് ഷെഹ്ബാസ് ഷെരീഫ് അറിയിച്ചിരുന്നു. എന്നാൽ ഇതിനോട് ഇന്ത്യ തണുപ്പൻ പ്രതികരണമാണ് നടത്തിയത്.

നരേന്ദ്ര മോദിയുടെ ജമ്മു കാശ്മീർ സന്ദർശനം ഉചിതവും സമയോചിതവുമാണെന്ന് ലെഫ്റ്റനന്റ് ജനറൽ ജെബിഎസ് യാദവ് (റിട്ട) ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇപ്പോൾ ജമ്മു കാശ്മീരിലെ സ്ഥിതി സാധാരണ നിലയിലാണെന്നും, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.