
പ്രഖ്യാപനം മുതൽക്കേ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ആഷിക് അബുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന നീലവെളിച്ചം. ഇപ്പോൾ തലശേരിയിലെ പിണറായിയിൽ നീലവെളിച്ചത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിയ്‌ക്കുകയാണ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗ്ഗവീനിലയത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ആദ്യം കാസ്‌റ്റ് ചെയ്‌തത് കുഞ്ചാക്കോ ബോബൻ, പ്യഥ്വിരാജ്, സൗബിൻ ഷാഹിർ എന്നിവരെയായിരുന്നു. എന്നാൽ ചിത്രത്തിന്റെ താരനിരയിൽ പിന്നീട് വമ്പൻ മാറ്റങ്ങളാണ് നടത്തിയത്.
ഡേറ്റിലെ പ്രശ്നങ്ങൾ മൂലമാണ് ഇവർ ചിത്രത്തിൽ നിന്ന് ഒഴിവായത്. ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് ഇപ്പോൾ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിമ കല്ലിങ്കൽ, രാജഷ് മാധവൻ, ഉമ കെ.പി, പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഒ.പി.എം സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ ചടങ്ങിൽ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, കെ.കെ ശൈലജ എം.എൽ.എ, സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ എന്നിവർ പങ്കെടുത്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ 1964-ൽ എ. വിൻസന്റിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് നീലവെളിച്ചം.
പ്രേംനസീർ, മധു, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്നാണ് നീലവെളിച്ചത്തിന്റെ സംഗീതം ഒരുക്കുന്നത്. സൈജു ശ്രീധരനാണ് എഡിറ്റിംഗ്.