
വാഷിംഗ്ടൺ : യാത്രാ വിമാനങ്ങൾ ഉപയോഗിച്ച് അംബരചുംബികളായ ഇരട്ട ഗോപുരങ്ങളെ ഇടിച്ച് തകർക്കുക. കമ്പ്യൂട്ടർ ഗെയിമുകളിൽ പോലും ഇല്ലാതിരുന്ന കാര്യമാണ് 2001ൽ അൽഖ്വയിദ അമേരിക്കയിൽ നടപ്പിലാക്കിയത്. മൂവായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ 9/11 ഭീകരാക്രമണത്തിൽ ലോകം ഞെട്ടിയപ്പോൾ അമേരിക്ക കുറ്റക്കാരെ തേടി എത്തിയത് അഫ്ഗാനിസ്ഥാനിലായിരുന്നു. എന്നാൽ വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് കൊടുംഭീകരൻ ഒസാമ ബിൻ ലാദനെ പാകിസ്ഥാനിൽ വച്ച് അമേരിക്കയ്ക്ക് കൊലപ്പെടുത്താൻ കഴിഞ്ഞത്. അമേരിക്ക ഈ നീക്കംനടത്തിയില്ലായിരുന്നുവെങ്കിൽ ലോകത്തിന് കൂടുതൽ പരിക്കുകൾ ഒസാമ ബിൻ ലാദൻ ഏൽപ്പിക്കുമായിരുന്നു. ഭീകരൻ പ്ലാൻ ചെയ്ത ആക്രമണങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
വേൾഡ് ട്രേഡ് സെന്ററിലെ ആക്രമണത്തിന് ശേഷം അമേരിക്കയിൽ ഒന്നിലേറെ ഭീകരാക്രമണങ്ങൾ നടത്താനാണ് ഒസാമ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നത്. 2011ൽ ബിൻ ലാദനെ വധിച്ച സ്ഥലത്ത് നിന്നും യുഎസ് നേവി സീലുകൾ ശേഖരിച്ച കത്തുകളിൽ നിന്നുമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ഗവേഷകയായ നെല്ലി ലഹൂദ്, 11 വർഷം മുമ്പ് യുഎസ് നേവി സീലുകൾ അമേരിക്കയിലേക്ക് കൊണ്ടുവന്ന ആയിരക്കണക്കിന് ഒസാമ ബിൻ ലാദന്റെ വ്യക്തിപരമായ കത്തുകളും കുറിപ്പുകളും പരിശോധിച്ചതിൽ നിന്നുമാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്. 9/11 ന് ശേഷം യാത്രാ വിമാനങ്ങൾക്ക് പകരം സ്വകാര്യ ജെറ്റുകൾ ഉപയോഗിച്ച് അമേരിക്കയിൽ ആക്രമണം നടത്താനാണ് ലാദൻ തീരുമാനിച്ചത്. തന്ത്ര പ്രധാന സ്ഥലങ്ങളിൽ ഇങ്ങനെ ആക്രമണം നടത്താനും ശ്രമം നടത്തി. ഇതിന് പിന്നാലെ അമേരിക്കൻ ജനതയെ കൂട്ടക്കൊല ചെയ്യുന്നതിനായി മറ്റൊരു പദ്ധതിക്കും ആസൂത്രണം നടത്തിയിരുന്നു. ട്രെയിൻ പാളം തെറ്റിക്കാനായിരുന്നു പദ്ധതി. ഇതിനായി യുഎസ് റെയിൽപാതയിൽ നിന്ന് 12 മീറ്റർ വെട്ടിമാറ്റാൻ ബിൻ ലാദൻ തന്റെ അനുയായികളെ പ്രേരിപ്പിച്ചു. ഈ പദ്ധതിയെ കുറിച്ച് മുൻപും വിവരങ്ങൾ പുറത്ത് വന്നിരുന്നു.
എന്നാൽ ലാദന്റെ ഈ പദ്ധതികളെല്ലാം കത്തിൽ മാത്രം അവസാനിച്ചതിന് പിന്നിൽ അമേരിക്കയായിരുന്നു. 9/11 ആക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ യു എസ് നടത്തിയ ആക്രമണം ഒസാമ ബിൻ ലാദനെ ഞെട്ടിച്ചു. മറ്റൊരു രാജ്യത്ത് കയറി അമേരിക്ക ശക്തമായ ആക്രമണം നടത്തുമെന്ന് ഭീകരൻ കരുതിയിരുന്നില്ല. ഈ സംഭവത്തിന് ശേഷം അടുത്ത മൂന്ന് വർഷത്തേയ്ക്ക് ഒസാമ തന്റെ കൂട്ടാളികളുമായി ആശയവിനിമയം നടത്തിയിരുന്നില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു.
അമേരിക്കയ്ക്ക് പുറമേ മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ആക്രമണം നടത്താൻ ലാദൻ പദ്ധതിയിട്ടിരുന്നു. ക്രൂഡ് ഓയിൽ ടാങ്കറുകളെയാണ് ലക്ഷ്യം വച്ചത്. ഇതിനായ് അധികൃതരുടെ കണ്ണുവെട്ടിച്ച് പോകാനാവുന്ന ബോട്ടുകളുടെ വിവരം ശേഖരിക്കാൻ ലാദൻ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. ലാദനെ അമേരിക്ക വധിച്ചതിന് ശേഷം തീവ്രവാദ സംഘടനയുടെ രണ്ടാമത്തെ കമാൻഡറായിരുന്ന അയ്മാൻ അൽ സവാഹിരിയാണ് അൽ ഖ്വയ്ദയുടെ ചുമതല ഏറ്റെടുത്തത്.