train

റായ്പൂർ: അടുത്തിടെ റദ്ദാക്കിയ പത്ത് പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയപ്പോൾ സംസ്ഥാനത്ത് നിന്ന് യാത്ര തുടങ്ങുന്നതും പ്രദേശത്തുകൂടി കടന്നുപോകുന്നതുമായ 22 ട്രെയിനുകൾ കൂടി നിറുത്തലാക്കി റെയിൽവേ. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സംസ്ഥാനത്തിനാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.

ഈ മാസം ആദ്യമാണ് സംസ്ഥാനത്തെ യാത്രക്കാരെ വലച്ചുകൊണ്ട് 10 പാസഞ്ചർ ട്രെയിനുകൾ റെയിൽവേ താത്കാലികമായി റദ്ദാക്കിയത്. ഇതിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

നവരാത്രി ആഘോഷത്തിന്റെ തലേന്നാണ് റെയിൽവേ ട്രെയിനുകൾ നിറുത്തലാക്കിയത്. ഇത് ഉത്സവകാലത്തെ ഭക്തരായ യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിലാഴ്ത്തിയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇപ്പോൾ 22 എണ്ണം കൂടി നിറുത്തലാക്കി. സംസ്ഥാനത്തെ മുഴുവൻ യാത്രക്കാരെയും വീണ്ടും ദുരിതത്തിലാഴ്ത്തുന്നതാണ് റെയിൽവേയുടെ ഈ നടപടിയെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രത് സാഹു ഏപ്രിൽ 5ന് റെയിൽവേ ബോർഡ് ചെയർമാനും ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ബോർഡ് അഭ്യർത്ഥനയ്ക്ക് ചെവി കൊടുത്തില്ല. ഇതിന് പകരം ഒരു ഡസനോളം വരുന്ന ദീർഘദൂര മെയിൽ, എക്സ്പ്രസ് എന്നിവ ഉൾപ്പടെ 22 ട്രെയിനുകൾ കൂടി റദ്ദാക്കുകയായിരുന്നു. ഇതിൽ ആറെണ്ണം ഛത്തീസ്ഗഡ് സംസ്ഥാനത്തുനിന്ന് പുറപ്പെടുന്നവയായിരുന്നു.

ഈ നടപടി തീർത്തും ജനവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ബാഗേൽ പറഞ്ഞു. ഏപ്രിൽ 24 മുതൽ 22 ട്രെയിനുകൾ റദ്ദാക്കിയുള്ള ഓർഡർ റെയിൽവേ ബോർഡിൽ നിന്ന് ലഭിച്ചുവെന്നും എന്നാൽ കാരണം വ്യക്തമാക്കിയിട്ടില്ലെന്നാണ് വടക്ക് കിഴക്കൻ സെൻട്രൽ റെയിൽവേ (എസ്ഇസിആർ) സോൺ പിആർഒ സാകേത് രഞ്ജൻ പ്രതികരിച്ചത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രിയ പകപോക്കലാണ് ഇതെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.