
ലോകത്തിലെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ സുരക്ഷയിലേക്ക് രാജ്യത്തെ നാൽപ്പത് കോടിയാളുകളെ കൂടി ചേർക്കാൻ കേന്ദ്രം നീക്കം ആരംഭിച്ചു. നിലവിൽ രാജ്യത്തെ ഒരു സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടാത്ത 40 കോടിയിലധികം ആളുകൾക്ക് കൂടി ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. അഞ്ച് ലക്ഷം രൂപയുടെ സൗജന്യ വാർഷിക ആരോഗ്യ പരിരക്ഷ ഓരോ കുടുംബത്തിനും നൽകുന്നആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ 50 കോടിയിലധികം ആളുകൾ ഈ പദ്ധതിയിൽ അംഗങ്ങളാണ്. ഉദ്ദേശം 10.74 കോടി കുടുംബത്തിനാണ് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുള്ളത്.
ആരോഗ്യ ഇൻഷുറൻസ് സ്വന്തമായി എടുക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ കൂടി അംഗമാക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി ഇൻഷുറൻസ് പ്രീമിയം റീട്ടെയിൽ വിലയുടെ മൂന്നിലൊന്നിൽ കൂടാതെ ക്രമീകരിക്കും. ഇതിനായി നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഗവേണിംഗ് ബോർഡ് ഈ മാസം ആദ്യം നടന്ന യോഗത്തിൽ നിർദ്ദേശത്തിന് അംഗീകാരം നൽകി കഴിഞ്ഞു. വരും മാസങ്ങളിൽ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ പൈലറ്റ് പ്രോജക്ടുകൾ ആരംഭിക്കാനാണ് പദ്ധതി. അതിനുശേഷം ഇന്ത്യയിലുടനീളം പദ്ധതി വ്യാപിപ്പിക്കും.
മുന്തിയ ജീവൻ രക്ഷാ സൗകര്യങ്ങൾ വരുമാന പരിധിയില്ലാതെ ജനങ്ങൾക്ക് ഉടൻ ലഭ്യമാകും എന്നതാണ് ആയുഷ്മാൻ ഭാരത് കൂടുതൽ പേരിലേക്ക് എത്തുമ്പോഴുള്ള ഗുണം. ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് സ്‌കീമും സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളിലും നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം ആളുകൾക്ക് സമഗ്രമായ ആശുപത്രി സംരക്ഷണം ലഭിക്കുന്നുണ്ട്. ഇത് കൂടാതെ 19 ശതമാനത്തോളം ആളുകൾ സ്വകാര്യ കമ്പനികളുടെതടക്കമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാണ്. ജനസംഖ്യയിൽ ബാക്കിയുള്ള 30ശതമാനവും ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവരാണ്. ഇവരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താനായാൽ രാജ്യത്തെ മുഴുവനാളുകൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പിക്കാനാവും. ഈ ശ്രമത്തിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ.