
ഇക്കഴിഞ്ഞ ദിവസം കൊല്ലം നീണ്ടകര തുറമുഖത്ത് നിന്ന് വെറും മൂന്ന് മത്സ്യങ്ങൾ ലേലത്തിൽ പോയത് രണ്ടേകാൽ ലക്ഷം രൂപയ്ക്കാണ്. ശക്തികുളങ്ങര തുറമുഖത്ത് നിന്ന് കടലിൽ പോയ ലൂക്ക എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മനു എന്ന വള്ളത്തിലുള്ളണ്ടായിരുന്നവർക്കാണ് ഈ മീനുകളെ കിട്ടിയത്. തീരത്ത് നിന്ന് വെറും മൂന്ന് കിലോമീറ്ററിനുള്ളിൽ നിന്നാണ് ഇത്രയും മൂല്യമുള്ള മത്സ്യങ്ങളെ ഇവർക്ക് ലഭിച്ചത്. കടൽസ്വർണമെന്ന് അറിയപ്പെടുന്ന പടത്തിക്കോര എന്ന മീനാണ് ഇത്രയും വിലയ്ക്ക് ലേലത്തിൽ പോയത്. ബ്ലാക്ക് സ്‌പോട്ടട് ക്രോക്കർ ഫിഷ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ മീനിനെ സാധാരണയായി ഗോൽ (Ghol) എന്നാണ് വിളിക്കുന്നത്.
ഹൃദയശസ്ത്രക്രിയ ഉൾപ്പടെയുള്ള ശസ്ത്രക്രിയകൾക്കായി ഉപയോഗിക്കുന്ന നൂല് നിർമിക്കുന്നത് പടത്തിക്കോരയുടെ ബ്ലാഡർ അഥവാ പളുങ്കിൽ നിന്നാണ്. കടലിൽ നീന്തുന്നതിനും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതിനും സഹായിക്കുന്ന ഈ എയർ ബ്ലാഡറാണ് ഇതിന്റെ വിലയെ ഇത്രത്തോളം ഉയർത്തുന്നത്. ഇവയിൽ തന്നെ ആൺ മത്സ്യങ്ങൾക്കാണ് വിപണിയിൽ കൂടുതൽ ഡിമാൻഡുള്ളത്. ലൂക്കയുടെ വള്ളത്തിൽ ലഭിച്ചതിൽ രണ്ടെണ്ണവും ആൺ മത്സ്യങ്ങളായിരുന്നു.
സാധാരണയായി പടത്തിക്കോര കാണപ്പെടുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ തീരങ്ങളിലാണ്. ഇവ കേരളാതീരത്ത് കാണപ്പെടാൻ കാരണം കാലാവസ്ഥാമാറ്റമാകാമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
10 കിലോയ്ക്ക് മുകളിലുള്ള മത്സ്യങ്ങളിലാണ് സാധാരണയായി പളുങ്ക് കാണപ്പെടുക. ഏകദേശം 20 കിലോ ഭാരമുള്ള ഒരു ആൺ മത്സ്യത്തിൽ നിന്ന് 300 ഗ്രാം പളുങ്ക് മാത്രമാണ് ലഭിക്കുക. ഒരു കിലോ പളുങ്കിന് മാത്രം അഞ്ച് ലക്ഷം രൂപയോളം ലഭിക്കും. എന്നാൽ പടത്തിക്കോരയുടെ മാംസത്തിന് അത്ര വിലയില്ല. കിലോയ്ക്ക് 500 രൂപ വരെയേ ലഭിക്കുള്ളു. 30 കിലോ ഭാരമുള്ള ഒരു ആൺ മത്സ്യത്തിന് നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് അന്താരാഷ്ട്ര മാർക്കറ്റിലെ വില. എന്നാൽ അതേ വലിപ്പത്തിലുള്ള ഒരു പെൺ മത്സ്യത്തിന് രണ്ട് ലക്ഷം രൂപയ്ക്ക് അകത്തേ ലഭിക്കൂ.

മുംബയ്, കൊൽകത്ത മാർക്കറ്റുകളിലാണ് ഇവയ്ക്ക് ആവശ്യക്കാരേറെയുള്ളത്. സിംഗപൂരിൽ വൈൻ ശുദ്ധീകരണത്തനായി ഇതിന്റെ ബ്ലാഡറും, സൗന്ദര്യ വർദ്ധക വസ്തുക്കൾ നിർമിക്കുവാൻ ഇതിന്റെ മാംസവും ഉപയോഗക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച ആലപ്പാട്ട് പഞ്ചായത്തിലും ഒരു മത്സ്യത്തൊഴിലാളിക്ക് പടത്തിക്കോര ലഭിച്ചിരുന്നു. എന്നാൽ 20.6 കിലോഗ്രാം തൂക്കം ഉണ്ടായിരുന്ന മീനിന് ലേലത്തിലൂടെ ആകെ 59,000 രൂപ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം മഹാരാഷ്ട്ര പാൽക്കറലെ ഒരു മത്സ്യത്തൊഴിലാളിക്ക് 157 പടത്തിക്കോരകളെ ലഭിച്ചിരുന്ന. ഇതിനെയെല്ലാം കൂടി 1.33 കോടി രൂപയ്ക്കാണ് വിറ്റുപോയത്.
അയഡിൻ, ഒമേഗ 3, ഇരുമ്പ്, ടോറിൻ, മഗ്നീഷ്യം, ഡിഎച്ച്എ, ഇപിഎ, ഫ്ലൂറൈഡ്, സെലിനിയം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായതുകൊണ്ടാണ് പടത്തിക്കോരയെ കടൽ സ്വർണം (Sea Gold) എന്ന് വിളിക്കുന്നത്. പ്രോട്ടോണിബിയ ഡയകാന്തസ് (Protonibea diacanthus) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇവയ്ക്ക് വലിയ തോതിലുള്ള ഔഷധഗുണങ്ങളുമുണ്ടെന്നാണ് പറയപ്പെടുന്നത്. കാഴ്ചശക്തി മെച്ചപ്പെടുത്തുക, ചുളിവുകൾ വീഴാതെ ചർമ്മത്തിന് തിളക്കം നൽകുക, ബുദ്ധിവികാസം തുടങ്ങിയവ പടത്തിക്കോരയുടെ ഗുണങ്ങളാണ്.