
ന്യൂഡൽഹി: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെ വി തോമസിനെതിരെ നടപടിക്ക് ശുപാർശ. പാര്‍ട്ടി പദവികളില്‍ നിന്ന് കെ വി തോമസിനെ നീക്കാനാണ് സാദ്ധ്യത.
എ.കെ ആന്റണി അദ്ധ്യക്ഷനായ അഞ്ചംഗ സമിതിയുടെതാണ് ശുപാർശ. തുടർ നടപടിക്കായി റിപ്പോർട്ട് സോണിയാ ഗാന്ധിക്ക് സമര്‍പ്പിക്കും. നടപടി പാര്‍ട്ടി അദ്ധ്യക്ഷ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ ഡല്‍ഹിയില്‍ പറഞ്ഞു. അഞ്ചംഗ സമിതിയിൽ താരിഖ് അന്‍വറും അംഗമായിരുന്നു.
അതേസമയം നേരിട്ട് ഹാജരാകാമെന്ന കെ വി തോമസിന്റെ ആവശ്യം തള്ളിയിട്ടുണ്ട്. കോൺഗ്രസ് തന്റെ വികാരമെന്നാണ് നടപടിക്ക് ശുപാർശ വന്നതിനു പിന്നാലെ അദ്ദേഹം പ്രതികരിച്ചത്. കോൺഗ്രസുകാരനായി തുടരുമെന്നും കെ വി തോമസ് വ്യക്തമാക്കി.