
സ്വന്തം പൂച്ചയെ കല്ല്യാണം കഴിച്ചതിന്റെ പേരിൽ ശ്രദ്ധ നേടുകയാണ് ഒരു യുവതി. 40 കാരിയായ യു.കെ സ്വദേശി ഡെബോറ ഹോഡ്‌ജാണ് തന്റെ വളർത്തുമൃഗമായ പൂച്ചയെ കല്ല്യാണം കഴിച്ചത്.
ഇന്ത്യ എന്നാണ് ഡെബോറയുടെ പൂച്ചയുടെ പേര്. ഒരു പാർക്കിൽ വച്ചു നടന്ന ചടങ്ങിലായിരുന്നു വിവാഹം. പൂച്ചയെ വിവാഹ വസ്‌ത്രങ്ങൾ അണിയിച്ച് തന്നെയാണ് എത്തിച്ചത്.
ഡെബോറയുടെ രണ്ട് ഹസ്‌കികളെയും ഒരു പൂച്ചയെയും വീട്ടുടമസ്ഥരുടെ നിർബന്ധ പ്രകാരം വർഷങ്ങൾക്കു മുന്നേ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. ഇനിയും അത്തരമൊരു വേർപിരിയൽ സാദ്ധ്യമല്ലാത്തതിനാലാണ് വിവാഹമെന്ന ആശയത്തിലേയ്ക്ക് ഇവർ എത്തിച്ചേർന്നത്.

തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, എന്നാൽ നേടാനുണ്ട്. അതിനാൽ ഞാൻ എന്റെ പൂച്ചയെ വിവാഹം കഴിച്ചുവെന്നാണ് ഇവർ പറയുന്നത്. ഒരു മനുഷ്യനും തന്നെയും ഇന്ത്യയെയും ഒരിക്കലും വേർപെടുത്തുകയില്ലെന്ന് പ്രപഞ്ചത്തിന് കീഴിൽ പ്രതിജ്ഞ ചൊല്ലിയെന്നും ഇവർ വ്യക്തമാക്കി.
എനിക്ക് ഇന്ത്യ ഇല്ലാതെ പറ്റില്ല. അവൾ ശരിയ്‌ക്കും ഒരു വികാരമാണ്. തന്റെ മക്കൾ കഴിഞ്ഞാൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യയാണെന്നും ഡെബോറ കൂട്ടിച്ചേർത്തു.