vaccine

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിനായ കൊവാക്സിന് ആറ് മുതൽ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികളിൽ നിയന്ത്രിത അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡിസിജിഐ). ഭാരത് ബയോ ടെക്കിന്റെ കൊവാക്സിന് 12 വയസിന് മുകളിലുള്ളവരുടെ ഉപയോഗത്തിനുള്ള അനുമതി കഴിഞ്ഞ വർഷം അവസാനമാണ് ഡിസിജിഐ നൽകിയത്.

ആറ് മുതൽ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമ്പോൾ അവരിൽ ചിലർക്കെങ്കിലും ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങളടങ്ങിയ സുരക്ഷാ ഡാറ്റ സമർപ്പിക്കാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിൻ വിതരണം നടക്കുന്ന ആദ്യ രണ്ട് മാസങ്ങളിൽ ഓരോ 15 ദിവസത്തിൽ ഒരിക്കലും, തുടർന്ന് അടുത്ത അഞ്ച് മാസത്തേക്ക് 30 ദിവസത്തിലൊരിക്കലും കൃത്യമായ വിശകലനം നടത്തിയ ശേഷമാണ് സുരക്ഷാ ഡാറ്റ സമർപ്പിക്കേണ്ടത്.

ഇക്കഴിഞ്ഞ ദിവസമാണ് ഡിസിജിഐയുടെ സബ്ജക്ട് എക്സ്‌പെർട്ട് കമ്മിറ്റി (എസ്ഇസി) ഭാരത് ബയോടെക്കിനോട് രണ്ട് വയസിനും പന്ത്രണ്ട് വയസിനും ഇടയിലുള്ള കുട്ടികൾക്ക് കൊവാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് അനുമതി നൽകിയത്.

ഇത് കൂടാതെ 12 വയസിന് മുകളിലുള്ള കുട്ടികളിൽ സൈഡസ് കാഡിലയുടെ സൈ കൊവ് ഡി വാക്സിൻ, അഞ്ച് മുതൽ 12 വരെ പ്രായമുള്ളവർക്ക് ബയോളജിക്കൽ ഇ യുടെ കോർബിവാക്സ് എന്നിവ ഉപയോഗിക്കുന്നതിനും ഡിജിസിഐ നിയന്ത്രിത അടിയന്തര ഉപയോഗ അനുമതി നൽകിയിട്ടുണ്ട്.