
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എം.പിയുമായ എ.എ റഹിമിന് അറസ്റ്റ് വാറന്റ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിപ്പിച്ചത്.
എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തുകയും ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്‌തുവെന്ന് ആരോപിച്ച് കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്‌മി നൽകിയ ഹർജിയിലാണ് നടപടി.
നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശമുണ്ടായിട്ടും റഹിം ഹാജരായിരുന്നില്ല. ഇതോടെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. റഹിം ഉള്‍പ്പെടെ 12 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. കോടതിയില്‍ ഹാജരാകാമെന്ന ഉറപ്പിന്മേൽ സ്റ്റേഷനില്‍ നിന്നും ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് അറസ്റ്റ് വാറണ്ട്. കേസിലെ മുഴുവൻ പ്രതികൾക്കും കോടതി അറസ്റ്റ് വാറണ്ട് നൽകിയിട്ടുണ്ട്.
നേരത്തേ കേസ് പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ഹര്‍ജി നൽകിയിരുന്നു. എന്നാൽ പരാതിക്കാരിയായ വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി ഹർജി തള്ളിയിരുന്നു.
കേരളാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്കായുള്ള കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള തുക അനുവദിക്കേണ്ടതിന്റെ ചുമതല വിജയലക്ഷ്മിക്കായിരുന്നു. 2017 ലെ യൂണിവേഴ്സിറ്റി കലോൽസവ വേളയിൽ ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ട് പ്രതികൾ വിജയലക്ഷ്മിയെ സമീപിച്ചിരുന്നു.
എന്നാൽ മുൻപ് ഫണ്ടിൽ നിന്നും നൽകിയ തുകയുടെ ചിലവഴിക്കൽ രേഖകൾ ഹാജരാക്കിയാൽ മാത്രമേ യൂണിവേഴ്‌സിറ്റി ചട്ട പ്രകാരം ബാക്കി തുക അനുവദിക്കാനാകു എന്ന നിലപാടാണ് പ്രൊഫസർ സ്വീകരിച്ചത്. തുടർന്ന് ഇരുനൂറോളം വിദ്യാർത്ഥികളെ ഒപ്പം കൂട്ടി പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം പ്രൊഫസറെ തടങ്കലിൽ വയ്‌ക്കുകയായിരുന്നു. റഹിം ഉൾപ്പെട്ട സംഘം മണിക്കൂറുകളോളം പ്രൊഫസറെ അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തിയെന്നും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നുമാണ് പൊലീസ് കേസ്.