dead-body

തിരുപ്പതി: ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് പന്ത്രണ്ട് വയസുകാരനായ മകന്റെ മൃതദേഹം ബൈക്കിൽ കെട്ടിവച്ച് ഗ്രാമത്തിലേയ്ക്ക് കൊണ്ടുപോയി കുടുംബം. ആന്ധ്രയിലാണ് സംഭവം നടന്നത്. തിരുപ്പതി സർക്കാർ‌ ആശുപത്രിയിൽ ആംബുലൻസിന് കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് മറ്റ് മാർഗമില്ലാതെ മൃതദേഹം ബൈക്കിൽ കൊണ്ടുപോയി സംസ്കരിച്ചത്. ആംബുലൻസിനായി മണിക്കൂറുകളോളം അപേക്ഷിച്ചിട്ടും ലഭിക്കാതെ വന്നപ്പോഴാണ് തന്റെ മകന്റെ മൃതദേഹം പിതാവിന് 90കിലോമീറ്റർ ദൂരെയുള്ള ഗ്രാമത്തിലേയ്ക്ക് ബൈക്കിൽ കൊണ്ടുപോകേണ്ടി വന്നത്.

വൃക്ക സംബന്ധമായ അസുഖങ്ങൾ കാരണമാണ് കുട്ടി മരിച്ചത്. ഗ്രാമത്തിലെ ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോകാൻ ആംബുലൻസ് അന്വേഷിച്ചെങ്കിലും ഉയർന്ന തുകയാണ് ആവശ്യപ്പെട്ടത്. തുടർന്ന് സ്വകാര്യ ആംബുലൻസിനെ സമീപിച്ചെങ്കിലും അവർ ഇരട്ടി തുക ആവശ്യപ്പെടുകയായിരുന്നു. ആശുപത്രി അധികൃതരോട് വീണ്ടും അപേക്ഷിച്ചെങ്കിലും മുഴുവന്‍ പണവും അടയ്ക്കാതെ ആംബുലന്‍സ് നല്‍കില്ലെന്നായിരുന്നു മറുപടി. പിന്നീടാണ് മറ്റ് വഴിയില്ലാതെ മൃതദേഹം ബൈക്കിലിരുത്തി നാട്ടിലേക്ക് കൊണ്ടുപോയത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആന്ധ്രാ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് അന്വേഷണ വിധേയമായി ജില്ലാ മെഡിക്കൽ ഓഫീസറെ സസ്പെന്റ് ചെയ്തു. അതേസമയം സർക്കാരിന്റെ അനാസ്ഥയുടെ ഇരയാണ് കുടുംബം എന്ന് പ്രതിപക്ഷം ആരോപിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി അറിയിച്ചു.