dd

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേലിയയിൽ ബിജിഷയുടെ മരണത്തിന് കാരണം ഓൺലൈൻ റമ്മികളിയെന്ന് ക്രൈംബ്രാഞ്ച്. റമ്മി കളിയിലൂടെ 20 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ടെലികോം കമ്പനിയിൽ സ്റ്റോർ അസിസ്റ്റന്റായിരുന്ന ബിജിഷ കഴിഞ്ഞ ഡിസംബർ 12നാണ് ആത്മഹത്യ ചെയ്തത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇവർ രണ്ടു ബാങ്കുകളിലായി ഒന്നേകാൽ കോടിയുടെ ഇടപാടുകൾ നടത്തിയതായും വിവാഹത്തിനായി കരുതിയിരുന്ന 35 പവൻ ആഭരണങ്ങൾ പണയം വച്ചതായും കണ്ടെത്തി. ഇതോടെ മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടു. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാ‌ഞ്ച് കേസന്വേഷണം ഏറ്റെടുത്തത്. കൊവിഡ് കാലത്താണ് ബിജിഷ ഓൺലൈൻ ഗെയിമുകളിലേക്ക് തിരിഞ്ഞത്. പിന്നീട് ഓൺലൈൻ റമ്മിയിലേക്കും തിരിഞ്ഞു. തുടക്കത്തിൽ ചെറിയ തോതിൽ പണം ലഭിച്ചിരുന്നു. പിന്നീട് വലിയ തോതിൽ പണമിറക്കി കളിക്കാൻ തുടങ്ങിയെങ്കിലും പണം നഷ്ടപ്പെടുകയായിരുന്നു. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കണമെന്ന വാശിയിൽ വീണ്ടും പണം മുടക്കി. ആദ്യം സ്വർണം പണയം വച്ചാണ് പണം കണ്ടെത്തിയത്. പിന്നീട് വായ്പ നൽകുന്ന ഓൺലൈൻ കമ്പനികളിൽ നിന്ന് ആരുമറിയാതെ പണം വാങ്ങി. യു.പി.ഐ ആപ്പ് വഴിയാണ് പണമിടപാടുകൾ നടന്നിരുന്നത്. ഇതുകാരണം വീട്ടുകാർ വിവരം അറിഞ്ഞില്ല. വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ഫോണിൽ സന്ദേശങ്ങൾ വരാൻ തുടങ്ങി. വീട്ടുകാർ വിവരമറിയുമോ എന്ന ഭയമായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.