ilayaraja

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്‌ക്ക് 1.87 കോടി രൂപ സേവന നികുതി അട‌‌യ്‌ക്കാത്തതിന് കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ നോട്ടീസ്.

2013 –2014 കാലയളവിൽ സിനിമകളിൽ സംഗീതമൊരുക്കിയതിന് നിർമാതാക്കളിൽ നിന്നു കൈപ്പറ്റിയ പ്രതിഫലത്തിന്റെ നികുതിയാണിത്.

മൂന്നുതവണ സമൻസ് അയച്ചിട്ടും കുടിശ്ശിക അടയ്ക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ലെന്ന് കാട്ടിയാണ് ജി.എസ്.ടി ഡയറക്ടറേറ്റ് ചെന്നൈ സോണൽ യൂണിറ്റ് ഇന്റലിജൻസ് ഇളയരാജയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

അടുത്തിടെ പ്രധാനമന്ത്രിയെയും അംബേദ്കറെയും താരതമ്യം ചെയ്‌ത് ഇളയരാജ ഒരു പുസ്തകത്തിൽ എഴുതിയ ആമുഖം വിവാദമായിരുന്നു.മോദിയെ പുകഴ്‌ത്തിയത് നടപടികളിൽ നിന്ന് രക്ഷപ്പെടാനാണെന്നും ആക്ഷേപമുയർന്നിരുന്നു. തുടർന്ന് രാജ്യസഭാ സീറ്റിലേക്ക് ഇളയരാജയെ പരിഗണിക്കുന്നതായി അഭ്യൂഹമുയർന്നു. ഇളയരാജയ്ക്ക് ഭാരതരത്നം നൽകണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ ആവശ്യപ്പെട്ടു. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ തുടങ്ങിയവരും പിന്തുണച്ചു.