
കറാച്ചി: പാകിസ്ഥാനെ ഞെട്ടിച്ച് ചാവേർ ആക്രമണം. കറാച്ചി സർവകലാശാലയ്‌ക്കുളളിൽ ഓടിക്കൊണ്ടിരുന്ന വാൻ പൊട്ടിത്തെറിച്ച് മൂന്ന് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു. വാനിലുണ്ടായിരുന്ന ഒരു ചൈനീസ് പൗരനും വാഹനത്തെ അനുഗമിച്ച തദ്ദേശീയനായ സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി(ബിഎൽഎ) ഏറ്റെടുത്തു. സംഘടന ഇത് സംബന്ധിച്ച പ്രസ്താവനയിറക്കി. ഇതാദ്യമായി ഒരു വനിതാ ചാവേറാണ് ആക്രമണം നടത്തിയത്. ശാരി ബലൂച് എന്ന വനിതയാണ് ചാവേറായത്. ബലൂച് പ്രതിരോധത്തിന്റെ പുതിയൊരദ്ധ്യായം കുറിച്ചെന്നും സംഘടന അവകാശപ്പെട്ടു.
മുൻപും പാകിസ്ഥാനിലെ ചൈനീസ് പൗരന്മാർക്കെതിരെ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. ഇസ്ളാമാബാദിൽ നിന്നും പൂർണ സ്വാതന്ത്ര്യം അല്ലെങ്കിൽ സ്വയംഭരണാവകാശവും ആവശ്യപ്പെടുന്ന സായുധഗ്രൂപ്പാണ് ബിഎൽഎ. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ ഭാഗത്ത് 2021 ജൂലായിൽ നടന്ന ബസ് ബോംബ് ആക്രമണത്തിന് ശേഷം ചൈനീസ് പൗരന്മാർക്ക് എതിരെ നടക്കുന്ന പ്രധാന ആക്രമണമാണിത്. പ്രാഥമിക അന്വേഷണത്തിൽ ചാവേർ ആക്രമണമാണെന്നും സമീപത്തെ ക്യാമറകളിൽ നിന്നും ബുർഖ ധരിച്ചെത്തിയ വനിതാ ചാവേറാണ് ആക്രമണം നടത്തിയതെന്നും കറാച്ചി പൊലീസ് മേധാവി ഗുലാം നബി മേമൻ അറിയിച്ചു.
ചൈനീസ് ഭാഷ പഠിപ്പിക്കുന്ന ചൈന നിർമ്മിച്ച കൺഫ്യൂഷ്യസ് ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഡയറക്‌ടറും രണ്ട് അദ്ധ്യാപകരുമാണ് മരിച്ചതെന്നാണ് വിവരം. ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പദ്ധതി പ്രകാരം ആയിരക്കണക്കിന് ചൈനക്കാരാണ് പാകിസ്ഥാനിൽ വിവിധ മേഖലകളിൽ ജോലി നോക്കുന്നത്. ചൈനയുടെ സിൻജിയാംഗ് പ്രവിശ്യയെ പാകിസ്ഥാനിലെ ഗ്വാദർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. അടിസ്ഥാന സൗകര്യ വികസനവും വൈദ്യുത പദ്ധതികളുമടക്കം നിരവധി പദ്ധതികളാണ് ഇതിനുകീഴിൽ പാകിസ്ഥാനിൽ നടക്കുന്നത്.
Breaking: Car blast in Karachi university.. Apparently Chinese nationals were target several feared dead.. pic.twitter.com/6ZwKyJQbfL— Waseem Abbasi (@Wabbasi007) April 26, 2022