
നമ്മുടെ വീടുകളിലെ മിക്ക അടുക്കളത്തോട്ടങ്ങളിലും കാണുന്ന പച്ചക്കറിയാണ് വഴുതന. പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്ന വഴുതന നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ഉയർന്ന അളവിൽ ഈ പച്ചക്കറിയിൽ അടങ്ങിയിട്ടുണ്ട്.
ആന്റിഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ഹൃദയാഘാതം പോലെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നല്കുകയും ചെയ്യുന്നു. സ്ഥിരമായി വഴുതനങ്ങ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാലാണിത്. കൂടാതെ ഇത് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും വഴുതന സഹായിക്കും. വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങളും കാത്സ്യവും എല്ലുകൾക്ക് ശക്തി നൽകും. അയൺ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാനും ഇവ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താം. കുറഞ്ഞ കലോറി അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണിത്.