തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ 'ഭാരത് മാല" പദ്ധതിയിൽ ഉൾപ്പെടുത്തി വിഴിഞ്ഞം മുതൽ പാരിപ്പള്ളി വരെ 80 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഔട്ടർ റിംഗ് റോഡിന്റെ സ്ഥലമെടുപ്പ് ഉടൻ തുടങ്ങും.സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ 12 ജീവനക്കാരുൾപ്പെടുന്ന പ്രത്യേക യൂണിറ്റ് രൂപീകരിച്ച് റവന്യൂ വകുപ്പ് ഇന്നലെ ഉത്തരവായി.നിലവിൽ റവന്യൂ വകുപ്പിന്റെ വിവിധ ഓഫീസുകളിലുള്ളവരെയാണ് പുതിയ യൂണിറ്രിലേക്ക് നിയോഗിച്ചിട്ടുള്ളത്. 1500 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുത്ത് കൈമാറിയാൽ മൂന്നുവർഷം കൊണ്ട് റോഡ് നിർമ്മിക്കും.
സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർക്ക് പുറമെ ഡെപ്യൂട്ടി കളക്ടർ,തഹസീൽദാർ (ഒന്നുവീതം),ക്ളാർക്ക്,സീനിയർ ക്ളാർക്ക് -2,സർവേയർമാർ -3 , വാല്യുവേഷൻ അസിസ്റ്റന്റ് -2, ടൈപ്പിസ്റ്റ്-1, ഓഫീസ് അസിസ്റ്റന്റ് -2 എന്നിങ്ങനെയാണ് ജീവനക്കാർ. ദേശീയപാതയുടെ സ്ഥലമെടുപ്പിന്റെ ചുമതലയുള്ള നെയ്യാറ്റിൻകര സ്‌പെഷ്യൽ തഹസീൽദാരുടെ സേവനവും പുതിയ യൂണിറ്രിന് ലഭിക്കും. സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാവുന്ന മുറയ്‌ക്ക് പ്രത്യേക യൂണിറ്റിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള അധികാരം ലാൻഡ് റവന്യു കമ്മിഷണർക്കാണ്.
70 മീറ്റർ വിസ്‌തൃതിയിലുള്ള ആറുവരിപ്പാതയിൽ ആദ്യം നാലുവരിയാവും നിർമ്മിക്കുക.ഇരുവശത്തും 10മീറ്റർ വീതിയിൽ സർവീസ് റോഡുകളുണ്ടാവും.റിംഗ് റോഡിന് 4,868 കോടി ചെലവ് വരും. റോഡ് നിർമ്മാണം ദേശീയപാത അതോറിട്ടി നടത്തും.പാത നിർമ്മാണത്തിന്റെ പകുതി ചെലവും സ്ഥലമേറ്റെടുക്കലിന്റെ പകുതി ചെലവും കേന്ദ്രം നൽകും.
വിഴിഞ്ഞം ബൈപാസ്,വെങ്ങാനൂർ,അതിയന്നൂർ,ബാലരാമപുരം,പള്ളിച്ചൽ,മലയിൻകീഴ്,മാറനല്ലൂർ,കാട്ടാക്കട,വിളപ്പിൽ, അരുവിക്കര,വേങ്കോട്,തേമ്പാമൂട്,പുളിമാത്ത്,നാവായിക്കുളം വഴി പാരിപ്പള്ളിയിലേക്ക് പ്രവേശിക്കും.വേങ്കോട് നിന്ന് മംഗലപുരത്തേക്ക് 14 കിലോമീറ്റർ റോഡുണ്ടാക്കും.ആണ്ടൂർക്കോണം,വട്ടപ്പാറ,അരുവിക്കര,ഊരൂട്ടമ്പലം,ബാലരാമപുരം, വിഴിഞ്ഞം ബൈപാസ് എന്നിവിടങ്ങളിൽ മറ്റു റോഡുകളെ ക്രോസ് ചെയ്യും.