
പ്രഥമ കേരള ഗെയിംസിന് കൊടിയേറുവാൻ മൂന്ന് നാളുകൾകൂടി
തിരുവനന്തപുരം : കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഉദ്ഘാടന വേദിയ്ക്ക് പകിട്ടേകാൻ ഒളിമ്പിക് താരങ്ങളുടെ സംഗമവും. ഏപ്രിൽ 30 ന് നടക്കുന്ന കേരള ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ നിരവധി ഒളിമ്പിക് മെഡൽ ജേതാക്കളെല്ലാം പങ്കെടുക്കും.
2012 ലെ ലണ്ടൻ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ബോക്‌സിംഗ് താരം മേരികോം, ടോക്യോ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ മീരാഭായ് ചാനു, ബജ്റംഗ് പൂനിയ, ലവ്‌ലിന ബൊർഗോഹൈൻ, പി.ആർ. ശ്രീജേഷ് എന്നിവരെക്കൂടാതെ ഒളിമ്പിക്‌സിൽ പങ്കെടുത്ത മലയാളി താരങ്ങളായ സജൻ പ്രകാശ്, അലക്‌സ് ആന്റണി, കെ.ടി. ഇർഫാൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരിക്കും.
കേരള ഒളിമ്പിക് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് മേരികോമിന് ചടങ്ങിൽ സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാര്‍ഡ്. നേരത്തെ അന്‍പതിനായിരം രൂപയായിരുന്നു അവാർഡ് തുക ഈ വർഷം മുതൽ അഞ്ച് ലക്ഷം രൂപയായി ഉയർത്തുകയായിരുന്നു.
ടോക്യോ ഒളിമ്പിക്‌സിൽ 49 കിലോ വിഭാഗം ഭാരദ്വഹനത്തിൽ വെള്ളി നേടിയ മീരാഭായ് ചാനു, ഗുസ്തിയിൽ വെങ്കലം നേടിയ ബജ്റംഗ് പൂനിയ, വനിതകളുടെ 65 കിലോ വിഭാഗം വെൽറ്റർവെയിറ്റ് ബോക്‌സിംഗില്‍ വെങ്കലം നേടിയ ലവ്‌ലിന ബൊർഗോഹൈൻ, വെങ്കലം നേടിയ ഹോക്കി ടീം അംഗം പി.ആർ. ശ്രീജേഷ് എന്നിവർക്ക് അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും നൽകും. ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളികളായ സജൻ പ്രകാശ്, അലക്‌സ് ആന്റണി, കെ.ടി. ഇർഫാൻ എന്നിവർക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും.