
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ സംഭവത്തിൽ സിനിമാ നിർമ്മാതാവിന്റെ വീട്ടിലും കസ്‌റ്റംസ് പരിശോധന. ചലച്ചിത്ര നിർമ്മാതാവായ സിറാജുദ്ദീന്റെ വീട്ടിലാണ് കസ്‌റ്റംസ് സംഘം പരിശോധന നടത്തിയത്. നടീനടന്മാരുടെ ബോഡിഗാർഡായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാൻ മുസ്ളീം ലീഗ് നേതാവ് എ.എ ഇബ്രാഹിംകുട്ടിയുടെ മകനും ഇയാളും ചേർന്ന് സ്വർണം കടത്തിയെന്ന സൂചനയ്‌ക്ക് പിന്നാലെയാണ് റെയ്‌ഡ്.
തൃക്കാക്കരയിലെ തുരുത്തുമ്മേൽ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലെത്തിയ ഇറച്ചിവെട്ട് യന്ത്രത്തിൽ രണ്ട് കിലോ 232 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്. ദുബായിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലാണ് ഇതെത്തിയത്. കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം സ്വർണം പിടിച്ചെടുത്തതോടെ യന്ത്രം വാങ്ങാനെത്തിയ നകുലിന്റെയും എ.എ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിറിന്റെയും ബന്ധം പുറത്തുവന്നു. ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ കസ്‌റ്റംസ് റെയ്‌ഡ് നടന്നു. മുൻപും ഇത്തരത്തിൽ ഇതേ സ്ഥാപനത്തിന്റെ പേരിൽ കാർഗോ വന്നിട്ടുണ്ട്. ഇതിലും സ്വർണം കടത്തിയോ എന്നറിയാൻ ജീവനക്കാരെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് എ.എ ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ പരിശോധന നടന്നത്. ചാർമിനാർ, വാങ്ക് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ് സിറാജുദ്ദീൻ.