nh

മോസ്കോ : യുക്രെയിനിലെ റഷ്യൻ അധിനിവേശം രണ്ട് മാസം പിന്നിടുമ്പോൾ നിലപാട് കടുപ്പിച്ച് റഷ്യ. യു.എസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ യുക്രെയിന് സൈനിക,​ സാമ്പത്തിക സഹായങ്ങൾ നല്കുന്ന സാഹചര്യത്തിൽ മൂന്നാം ലോകമഹാ യുദ്ധത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് മുന്നറിയിപ്പ് നല്കി. നാറ്റോ സഖ്യം യുക്രയിന് ആയുധങ്ങൾ കൈമാറുന്നത് വഴി റഷ്യയുമായി ഒരു നിഴൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും സെർജി ലാവ്‌റോവ് ആരോപിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കീവ് സന്ദർശിച്ച് യുക്രെയിന് കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്ത് മണിക്കൂറുകൾക്കകമാണ് റഷ്യയുടെ മറുപടി. സമാധാന ചർച്ചകളോടുള്ള യുക്രെയിന്റെ സമീപനത്തേയും ലാവ്‌റോവ് രൂക്ഷമായി വിമർശിച്ചു.രണ്ട് രാജ്യങ്ങളും തമ്മിൽ തുറന്ന മനസോടെ പരസ്പരം ബന്ധപ്പെടുന്നില്ലെങ്കിൽ അത് ചർച്ചയെ സഹായിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി നിയോഗിച്ച സംഘവുമായി റഷ്യ ചർച്ചകൾ തുടരുകയാണെന്ന് ലാവ്‌റോവ് കൂട്ടിച്ചേർത്തു.

അതേ സമയം റഷ്യ തങ്ങളോട് യുദ്ധംചെയ്ത് തളരുകയാണെന്ന് യുക്രെയിൻ പ്രസിഡന്റ് സെലൻസ്കി പരിഹസിച്ചു. മരിയുപോളിനെ മാത്രമേ ഇതുവരെ പിടിച്ചടക്കാൻ റഷ്യക്ക് സാധിച്ചിട്ടുള്ളൂവെന്നും അവിടേയും സാധാരണക്കാരെ ബന്ദിയാക്കിയുള്ള നാടകമാണ് റഷ്യ നടത്തുന്നതെന്ന് സെലൻസ്‌കി പറഞ്ഞു. മൂന്നാം ലോകമഹായുദ്ധത്തിനുള്ള സാദ്ധ്യതയെക്കുറിച്ചുള്ള റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയിനിൽ റഷ്യ പരാജയഭീതിയിലാണെന്നും ഇത് മറയ്ക്കുന്നതിനാണ് ആണവ ഭീഷണി മുഴക്കുന്നതെന്നും യുക്രെയിൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയും പ്രതികരിച്ചു

യു.എൻ സെക്രട്ടറി ജനറൽ റഷ്യയിൽ

മോസ്കോ: യുക്രെയിൻ വിഷയം ചർച്ച ചെയ്യാനായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റഷ്യയിലെത്തി. മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം യുക്രെയിനിലെ റഷ്യൻ സൈനിക നടപടി അവസാനിപ്പിക്കാൻ ആവശ്യപ്പെടുമെന്നാണ് വിവരം. അതേ സമയം യുക്രെയിനിൽ റഷ്യ എത്രയും പെട്ടെന്ന് വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചയിൽ ഗുട്ടെറസ് ആവശ്യപ്പെട്ടു. ''ഫലപ്രദമായ സംഭാഷണത്തിനും യുക്രെയിൻ വിഷയത്തിൽ സമാധാനപരമായ പരിഹാരത്തിനും വഴികൾ കണ്ടെത്തുന്നതിൽ ഞങ്ങൾക്ക് അതീവ താത്പര്യമുണ്ടെന്ന് ച‌ർച്ചയ്ക്ക് മുന്നോടിയായി ഗുട്ടെറസ് പറഞ്ഞു. യുക്രെയ്നിലെ റഷ്യൻ അധിനിവേശം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ഭക്ഷ്യസുരക്ഷയ്ക്കുണ്ടാക്കുന്ന ആഘാതം കുറക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം യൂറോപ്യൻ - അറ്റ്ലാന്റിക് മേഖലയിലെ നിലവിലെ സാഹചര്യവും റഷ്യയ്ക്കുണ്ടായേക്കാവുന്ന സുരക്ഷാ ഭീഷണിയുമാണ് ലാവ്‌റോവ് ച‌ർച്ചയിൽ ഉന്നയിച്ചതെന്നാണ് വിവരം. റഷ്യൻ സന്ദർശനത്തിന് ശേഷം ഗുട്ടെറസ് കീവിലെത്തി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കിയുമായും ചർച്ച നടത്തും.