panickar

കേരള സർവകലാശാല സ്‌റ്റുഡൻസ് സർവീസ് ഡയറക്‌ടർ ഡോ.വിജയലക്ഷ്‌മിയെ തടഞ്ഞുവെച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ രാജ്യസഭാംഗം എ.എ റഹീമിനെതിരെ കോടതി അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. വിഷയം ചൂണ്ടിക്കാട്ടി സിപിഎം നേതാവും ദേശീയ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉപാദ്ധ്യക്ഷ സുഭാഷിണി അലിയോട് ട്വിറ്ററിലൂടെ ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയെ ട്രോളി ശ്രീജിത്ത് പണിക്കർ.

വിഷയത്തിൽ സ്‌ത്രീപക്ഷത്തെ പിന്തുണച്ച് റീട്വീറ്റ് ചെയ്യുമോ എന്ന് ശ്രീജിത്ത് പണിക്കരുടെ ചോദ്യത്തിന് അത് പഴയ കേസാണെന്ന സുഭാഷിണി അലിയുടെ മറുപടിയെ പണിക്കർ വിമർശിക്കുന്നു. ദിലീപ് കേസുണ്ടായ വർഷം തന്നെയാണ് ഈ കേസുണ്ടായതെന്നും ഫേസ്‌ബുക്ക് പോസ്‌റ്റിൽ പണിക്കർ ഓർമ്മിപ്പിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

തന്നെ തടഞ്ഞുവച്ച് ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന അധ്യാപികയുടെ പരാതിയിൽ രാജ്യസഭാ എംപിയും അഖിലേന്ത്യാ ഡിവൈഎഫ്‌ഐ അധ്യക്ഷനുമായ സഖാവ് എ എ റഹിമിനെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടല്ലോ, സ്ത്രീപക്ഷത്തെ പിന്തുണച്ച് റീട്വീറ്റ് ചെയ്യൂ എന്ന് സിപിഎം അഖിലേന്ത്യാ നേതാവും വനിതാ കമ്മീഷൻ മുൻ അംഗവും ദേശീയ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഉപാധ്യക്ഷയുമായ സഖാവ് സുഭാഷിണി അലിയോട് ഞാൻ ട്വിറ്ററിൽ നൈസായൊന്ന് ആവശ്യപ്പെട്ടതാണ്. സഖാവിന്റെ മറുപടി കലക്കി — അതൊരു പഴയ കേസാണെന്ന്! കാലപ്പഴക്കം നോക്കിയാണോ സ്ത്രീസംരക്ഷണം? ദിലീപ് കേസ് ഉണ്ടായ അതേ വർഷം തന്നെയല്ലേ ഈ കേസും ഉണ്ടായത്? എന്തായാലും നല്ല അടിപൊളി നവോത്ഥാനം. അഭിവാദ്യങ്ങൾ!