vijay-babu

കൊച്ചി: സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് ബലാൽസംഗം ചെയ്‌തു എന്ന കോഴിക്കോട് സ്വദേശിനിയായ നടി നൽകിയ പരാതിയിൽ വെളിപ്പെടുത്തലുമായി വിജയ്‌ബാബു. താൻ തെറ്റ് ചെയ്‌തിട്ടില്ല. തെറ്റ് ചെയ്‌തെങ്കിൽ മാത്രം ഭയപ്പെട്ടാൽ മതി. ആരോപണങ്ങൾക്ക് പിന്നിൽ ഇരയുടെ ഒപ്പമുള‌ള അട്ടകളാണ്. ഒരാൾ നല്ലകാര്യങ്ങൾ ചെയ്യുമ്പോൾ താഴ്‌ത്തിക്കെട്ടാൻ ഈ അട്ടകൾ വരുമെന്നും വിജയ് ബാബു പറഞ്ഞു.

2018 മുതൽ പരാതിനൽകിയ പെൺകുട്ടിയെ അറിയാം. തന്റെ ചിത്രത്തിൽ നായികയായി അഭിനയിച്ച കുട്ടിയാണ്. പ്രോപ്പറായി ഓഡീഷൻ ചെയ്‌ത് വരാൻ പറഞ്ഞ് ഓഡീഷൻ ചെയ്‌ത് വന്ന കുട്ടിയാണ്. ചിത്രം വിജയിച്ചപ്പോൾ അതിന്റെ സെലബ്രേഷന് വരാൻ പറഞ്ഞശേഷം വന്നില്ല.

ഒന്നര വർഷത്തോളം താൻ കുട്ടിയ്‌ക്ക് ഒരു മെസേജും അയച്ചിട്ടില്ല. അതിനിടെ കാണണം എന്നാവശ്യപ്പെട്ട് നിരവധി മെസേജുകൾ പെൺകുട്ടി തനിക്ക് അയച്ചു. ഇത്തരം 400ഓളം സ്ക്രീൻഷോട്ട് കൈയിലുണ്ട്. ഡിപ്രഷൻ ആണെന്നുപറഞ്ഞ് കാണാൻ വന്നു. അതിന് ശേഷമുള‌ള കാര്യങ്ങൾ താൻ കോടതിയിൽ ബോദ്ധ്യപ്പെടുത്തുമെന്നും വിജയ് ബാബു പറഞ്ഞു. ആരോപണം ഉന്നയിച്ച പെൺകുട്ടിയ്‌ക്ക് എതിരായി മാനനഷ്‌ടകേസ് ഫയൽ ചെയ്യുമെന്നും പെൺകുട്ടിയും കുടുംബവും ഇതിന് പിന്നിൽ നിന്നവരും കേസ് നേരിടണമെന്നും വിജയ്‌ബാബു പറഞ്ഞു.

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ളാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത് പൊലീസിന് പരാതി നൽകിയത്. വിജയ് ബാബുവിനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ വിശദാംശങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബാനറിലാണ് വിജയ് ബാബു സിനിമാനിർമ്മാണം നടത്തുന്നത്. ഫിലിപ് ആന്റ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ നിരവധി സിനിമകളുടെ നിർമ്മാതാവാണ്. നടനെന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.