
കൊച്ചി: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലീഗിന് എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'മുസ്ലീം ലീഗാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസിനെ കൊണ്ട് നടക്കുന്നത്. യഥാത്ഥത്തിൽ കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് മുസ്ലീം ലീഗാണ്. കേരളത്തിൽ കോൺഗ്രസിന് പ്രവർത്തിക്കാനുള്ള അവസരമൊരുക്കുന്നതും ലീഗാണ്. ലീഗിന്റെ ഈ സമീപനമാണ് കോൺഗ്രസിനെ കേരളത്തിൽ പിടിച്ചുനിർത്തുന്നത്. എന്നാൽ മുസ്ലീം ലീഗ് എസ്ഡിപിഐ പോലുള്ല മറ്റ് മുസ്ലീം തീവ്രവാദ സംഘടനകളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ആർഎസ്എസിന് മുതലെടുക്കാനുള്ള അവസരമാണ് ഇവർ ഒരുക്കുന്നത്'- കോടിയേരി പറഞ്ഞു.
സിപിഎം നേതാവും മുൻ എംഎൽഎയുമായ ജെയിംസ് മാത്യു സജീവരാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന കാര്യത്തിലും കോടിയേരി പ്രതികരിച്ചു. കഴിഞ്ഞ ദിവസവും ജില്ലാ കമ്മിറ്റി യോഗത്തിൽ ജെയിംസ് മാത്യുവിനെ കണ്ടെന്നും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി നൽകിയെന്നും കോടിയേരി പറഞ്ഞു. ജില്ലാ കമ്മിറ്റിയിൽ തുടരാമെന്ന് ജെയിംസ് മാത്യൂ അറിയിച്ചതായും അതിൽ അദ്ദേഹം സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.