jishnu

കോഴിക്കോട്: പൊലീസ് വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയ യുവാവ് മരിച്ച സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തും. ആർഡിഒ ജിഷ്ണുവിന്റെ ഇൻക്വസ്റ്റ് നടത്തുമെന്നും മെഡിക്കൽ ബോർഡ് മേൽനോട്ടം വഹിക്കുമെന്നും ഡിസിപി അറിയിച്ചു.

ഇന്നലെ രാത്രിയാണ് ജിഷ്ണു മരണപ്പെട്ടത്. മഫ്തിയിലെത്തിയ രണ്ട് പൊലീസുകാർ ചേർന്ന് 500രൂപ ഫൈൻ ഉണ്ടെന്ന് പറഞ്ഞാണ് ജിഷ്ണുവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്. പിന്നീട് കാണുന്നത് റോഡരികിൽ കിടക്കുന്ന ജിഷ്ണുവിന്റെ മൃതദേഹമാണെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

അതേസമയം, ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വീട് കണ്ടെത്തുന്നതിന് വേണ്ടി മാത്രമാണ് പൊലീസ് പോയതെന്നും ഡിസിപി അറിയിച്ചു. കാര്യം തിരക്കാനെത്തിയ പൊലീസിനെ കണ്ടപ്പോൾ ജിഷ്ണു ഓടിയെന്നും ഡിസിപി പറഞ്ഞു. കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ജിഷ്ണുവിന്റെ പേരിൽ കേസുണ്ടെന്നും അതുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ജിഷ്ണുവിന്റെ വീട്ടിലെത്തിയതെന്നാണ് നല്ലളം പൊലീസ് അറിയിച്ചത്. എന്നാൽ ജിഷ്ണുവിന്റെ പേരിൽ പെറ്റി കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് കൽപ്പറ്റ പൊലീസ് നൽകുന്ന വിവരം. കൽപ്പറ്റ വഴിയരികിൽ വച്ച് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനാണ് കേസ് എന്ന് വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.