
ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യക്കാരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. പെട്രോൾ ഡീസൽ വാഹനങ്ങളിൽ നിന്നും വൈദ്യുത വാഹനങ്ങളിലേക്ക് മാറുമ്പോൾ എന്തു ലാഭമുണ്ടാകുമെന്ന് ചിന്തിക്കുന്നവരുണ്ടാകും. അത്തരക്കാർക്ക് വേണ്ടി തനിക്കുണ്ടായ ലാഭത്തെ കുറിച്ച് തുറന്നു പറയുകയാണ് യുവഎഴുത്തുകാരൻ അഖിൽ പി ധർമ്മജൻ.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു അഖിൽ പെട്രോൾ വാഹനത്തിൽ നിന്നും ഇലക്ട്രിക് വാഹനത്തിലേക്ക് മാറിയത്. അതോടെ, ഓരോ ദിവസവും ലാഭിക്കുന്ന തുക വലിയൊരു കുപ്പിയിലാക്കി സേവ് ചെയ്യുന്നുണ്ടായിരുന്നു. ഒടുവിൽ ആ കുപ്പി പൊട്ടിക്കുന്നതും തുക എണ്ണി നോക്കുന്നതും വീഡിയോയിലൂടെയാണ് അദ്ദേഹം പങ്കുവച്ചത്.
ഒമ്പത് മാസം കൊണ്ട് 27200 രൂപയാണ് പെട്രോൾ ഇനത്തിൽ മാത്രം ലാഭിക്കാനായത്. ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയതാകട്ടെ 57000 രൂപയ്‌ക്കും. ഇലക്ട്രിക്ക് വാഹനത്തിലേക്ക് മാറുമ്പോൾ വൈദ്യുത ബില്ലിൽ ഉണ്ടായ വർദ്ധനവിനെ കുറിച്ചും ആൾക്കാർക്ക് സംശയമുണ്ടാകാം. അവർക്കുള്ള ഉത്തരവും അഖിൽ പങ്കുവയ്‌ക്കുന്നുണ്ട്. സാധാരണ വരുന്ന കറന്റ് ബില്ലിനേക്കാൾ അധികമായി 100 മുതൽ 150 രൂപയുടെ വർദ്ധനവാണ് ആകെയുണ്ടായിരിക്കുന്നത്. മാക്സിമം അഞ്ചു രൂപ ഒറ്റ ദിവസത്തെ ഫുൾ ചാർജിംഗിനായി കണക്കാക്കുന്നുവെന്നും അഖിൽ പറയുന്നു.