
ലോകത്തിലെ ഏറ്റവും വലിയ സമൂഹമാദ്ധ്യമങ്ങളിലൊന്നായ ട്വിറ്ററിനെ ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നൻ സ്വന്തമാക്കിയത് ഇക്കഴിഞ്ഞ ദിവസമാണ്. ലോകത്തിൽ പ്രചാരത്തിലുള്ള വലിയ സമൂഹമാദ്ധ്യമങ്ങളെയൊക്കെ ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗ് സ്വന്തമാക്കാറുണ്ട്. ഇൻസ്റ്റഗ്രാമും വാട്സാപ്പും എല്ലാമിപ്പോൾ സക്കർബർഗിന് കീഴിലാണ്. ഇതിലൊന്നും മസ്‌കിന് അക്കൗണ്ടില്ലതാനും. ട്വിറ്ററും സക്കർബർഗിന്റെ കയ്യിലെത്തുമോ എന്ന ആശങ്കയിലാണ് മസ്‌ക് മോഹവിലകൊടുത്ത് ട്വിറ്ററിനെ സ്വന്തമാക്കിയതെന്നാണ് വിലയിരുത്തൽ.
ട്വിറ്റർ ഇലോൺ മസ്‌ക് വാങ്ങിയതിന് പിന്നാലെ നിരവധി കിംവദന്തികളാണ് ലോകമൊട്ടാകെ പരക്കുന്നത്. ട്വിറ്ററിൽ വലിയ മാറ്റങ്ങളാണ് മസ്‌ക് കൊണ്ടുവരാൻ പോകുന്നതെന്ന് എല്ലാവർക്കും അറിയാം. ഫ്രീ സ്പീച്ചിനായിരിക്കു താൻ പ്രാധാന്യം കൊടുക്കുന്നതെന്ന് മസ്‌ക് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാലും ഏത് തരത്തിലുള്ള മാറ്റങ്ങളാണ് ട്വിറ്ററിൽ വരുന്നതെന്ന് ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്. പലർക്കും ഇതിൽ ആശങ്കയുമുണ്ട്.
തന്റെ ട്വിറ്റർ അക്കൗണ്ട് മസ്‌ക് പൂട്ടിക്കുമോ എന്ന തരത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഒരു 19 കാരൻ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. മസ്‌കിന്റെ സ്വകാര്യ ജെറ്റ് യാത്രകൾ ട്രാക്ക് ചെയ്യുന്നതിന് ഇലോൺ ജെറ്റ് എന്നൊരു ട്വിറ്റർ ബോട്ട് അക്കൗണ്ട് തന്നെ സൃഷ്ടിച്ച് ജനപ്രിയനായി മാറിയ ജാക്ക് സ്വീനിയാണ് ഇത്തരത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. തന്റെ അക്കൗണ്ടും ഇലോൺ ജെറ്റ് എന്ന അക്കൗണ്ടും മസ്‌ക് ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യുമോ എന്ന തരത്തിൽ അദ്ദേഹം നിരവധി ട്വീറ്റുകൾ പങ്കുവച്ചിട്ടുണ്ട്.
Landed in Austin, Texas, US. Apx. flt. time 41 Mins. pic.twitter.com/P57PX5qMJf
— Elon Musk's Jet (@ElonJet) April 26, 2022
ട്വിറ്ററിൽ താൻ കൊണ്ടുവരുന്ന മാറ്റങ്ങളിൽ മുൻഗണന നൽകുന്നത് സ്പാം അക്കൗണ്ടുകൾ, സ്‌കാം ബോട്ടുകളും ചില ആർമികളുടെയും അക്കൗണ്ടുകൾ എന്നിവ നീക്കം ചെയ്യുന്നതിനായിരിക്കും എന്ന് അടുത്തിടെ മസ്‌ക് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മസ്‌ക് ഈ പറയുന്ന സ്‌കാം ബോട്ടുകളിൽ തന്റെ ഇലോൺ ജെറ്റ് എന്ന അക്കൗണ്ടും ഉണ്ടാകുമോ എന്ന ഭയത്തിലാണ് ജാക്ക്. മസ്‌ക് ഇലോൺജെറ്റ് എന്ന അക്കൗണ്ട് അൺബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും എന്നാൽ തന്റെ സ്വകാര്യ അക്കൗണ്ടിനെ അദ്ദേഹം ഇപ്പോഴും ബ്ലോക്ക് ചെയ്ത് വച്ചിരിക്കുകയാണെന്നും ജാക്ക് ട്വീറ്റിൽ പറഞ്ഞു.
Elon at the recent ted talk "A top priority I would have is eliminating the spam and scam bots and the armies that are on Twitter" Would he include my bot and others that are of actual use or just spambots? pic.twitter.com/74ofZBih3J
— Jack Sweeney (@JxckSweeney) April 25, 2022
തന്റെ യാത്രകൾ ട്രാക്ക് ചെയ്ത് ലോകത്തെ അറിയിക്കുന്ന ഈ അക്കൗണ്ടിനെ പറ്റി മസ്‌കിന് ആശങ്കയുണ്ട്. അതിനാൽ ഈ ട്രാക്കിംഗ് നിറുത്തുന്നതിന് അദ്ദേഹം ജാക്കിന് അയ്യായിരം ഡോളർ (3.75 ലക്ഷം രൂപ) പാരിതോഷികമായി നൽകാമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തുക പോരെന്നും തനിക്ക് 50,000 ഡോളർ (ഏകദേശം 37.55 ലക്ഷം രൂപ) വേണമെന്നുമാണ് ജാക്ക് പറഞ്ഞത്. ഈ തുക കിട്ടിയാൽ തനിക്ക് സ്‌കൂൾ ഫീസ് അടയ്ക്കാനും ഒരു ടെസ്‌ല കാർ വാങ്ങാനും സാധിക്കുമായിരുന്നുവെന്നാണ് ജാക്ക് പ്രതികരിച്ചത്.
ജാക്ക് തന്റെ ജെറ്റ് ട്രാക്ക് ചെയ്യുന്നത് തടയാനാണ് മസ്‌ക് ഇത്രയും തുക മുടക്കി ട്വിറ്റർ സ്വന്തമാക്കിയതെന്നും ചിലർ വിശ്വസിക്കുന്നുണ്ട്. എന്തെങ്കിലും കാരണവശാൽ തന്റെ അക്കൗണ്ട് നഷ്ടപ്പെട്ടാൽ ഇതേ പേരിൽ താൻ ഒരു ടെലിഗ്രാം ചാനൽ തുടങ്ങുമെന്നാണ് ജാക്ക് ഒടുവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
In case I'm off of Twitter for whatever reason all my tracking is also in my Discord server, and I'll be publishing a Telegram channel for @ElonJet soon!
— Jack Sweeney (@JxckSweeney) April 25, 2022