
ഇലക്‌ട്രിക് സ്കൂട്ടറുകൾ വാങ്ങിയ ശേഷം ആളുകൾ നിരാശരാകുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു. പലയിടത്തും വാഹനങ്ങൾ പണിമുടക്കുന്ന കാഴ്‌ച പതിവാണ്. ഒലയ്‌ക്കെതിരെയാണ് കൂടുതലായും പരാതികൾ ഉയരുന്നത്.
വാഹനത്തിന് സാങ്കേതിക തകരാറുകൾ നിരന്തരമായി റിപ്പോർട്ട് ചെയ്യാറുണ്ട്. മോശം കസ്റ്റമർ സർവീസാണ് പ്രധാന പ്രശ്നം. കമ്പനിയ്‌ക്കെതിരെ ആളുകൾ പ്രതിഷേധിക്കുന്നതും പതിവ് കാഴ്‌ചയാണ്.
ഏറ്റവുമൊടുവിലായി തമിഴ്‌നാട്ടിൽ നടന്നത് വേറിട്ടൊരു പ്രതിഷേധമാണ്. പുതുതായി വാങ്ങിയ ഒല എസ് 1 പ്രോ പണിമുടക്കിയതോടെ വാഹനമുടമ തന്നെ സ്‌കൂട്ടറിന് തീകൊളുത്തി.
വാഹനത്തിന്റെ രജിസ്‌ട്രേഷൻ നടത്താൻ കമ്പനി സഹകരിച്ചില്ലെന്നാണ് ഉടമയായ പൃഥ്വിരാജ് പറയുന്നത്. സ്‌കൂട്ടർ പലപ്പോഴും നിന്ന് പോകുന്നുവെന്നും ഇയാൾ പരാതി പറഞ്ഞു. മൂന്ന് മാസങ്ങൾക്ക് മുൻപാണ് പൃഥ്വിരാജ് ഒല എസ് 1 പ്രോ വാങ്ങിയത്.
സ്കൂട്ടറിൽ കഴുതയെ കെട്ടി വലിക്കുന്നത് ഉൾപ്പടെയുള്ള പ്രതിഷേധം നടന്നുവെങ്കിലും ആദ്യമായാണ് ഉടമ തന്നെ തീകൊളുത്തിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള സച്ചിൻ ഗിറ്റെയാണ് സ്‌കൂട്ടറിൽ കഴുതയെ കെട്ടി വലിച്ച പ്രതിഷേധം നടത്തിയത്.
കമ്പനിയെ വിശ്വസിക്കരുതെന്ന പോസ്റ്ററുകളും ബാനറുകളും ഇയാൾ ഉപയോഗിച്ചിരുന്നു. തട്ടിപ്പ് കമ്പനിയായ ഒലയെ സൂക്ഷിക്കുക. ഒല കമ്പനിയുടെ ഇരുചക്ര വാഹനങ്ങൾ വാങ്ങരുത്. ഇത്തരത്തിലുള്ള ബാനറുകളും ഇയാൾ പ്രതിഷേധത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ചിരുന്നു.
പ്രശ്നം പരിഹരിക്കാൻ ആരുമെത്തിയില്ലെന്നാണ് യുവാവിന്റെ ആരോപണം. കമ്പനിയുടെ കസ്റ്റമർ കെയറുമായി നിരന്തരം ബന്ധപ്പെട്ടു. എന്നാൽ അനുകൂലമായി ഒരു പ്രതികരണവും ഉണ്ടായില്ല. തുടർന്നാണ് പ്രതിഷേധവുമായി ഇയാൾ രംഗത്തെത്തിയത്.