
തിരുവനന്തപുരം: സിൽവർലെെനിൽ ബദൽ സംവാദം നടത്താൻ ജനകീയ പ്രതിരോധ സമിതി ഒരുങ്ങുന്നു. മെയ് നാലിനാകും സംവാദം നടക്കുക.
അലോക് വർമ്മ, ജോസഫ് സി മാത്യു, ശ്രീധർ രാധാകൃഷ്‌ണൻ, ആർ.വി.ജി മേനോൻ എന്നിവർ സംവാദത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനേയും കെ റെയിൽ അധികൃതരെയും സംവാദത്തിലേയ്ക്ക് ക്ഷണിക്കും.
അതേസമയം കെ റെയിലിന്റെ നേതൃത്വത്തിൽ നാളെ നടക്കാനിരിക്കുന്ന സംവാദത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്ന വേളയിലാണ് ബദൽ സംവാദം നടത്താനൊരുങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്തു വരുന്നത്.
സിൽവർലൈൻ പദ്ധതിയുടെ ഗുണദോഷങ്ങൾ ചർച്ചചെയ്യാനായി കെ - റെയിൽ നടത്തുന്ന സംവാദത്തിൽ നിന്ന്, പദ്ധതി വിരുദ്ധരുടെ പാനലിലെ റെയിൽവേ റിട്ട.ചീഫ് എൻജിനിയർ അലോക് കുമാർ വർമ്മ, പരിസ്ഥിതി ഗവേഷകനായ ശ്രീധർ രാധാകൃഷ്ണൻ എന്നിവർ പിന്മാറിയിരുന്നു. സിൽവർലൈനിന് സാദ്ധ്യതാ പഠനം നടത്തിയ സിസ്ട്രയുടെ തലവനായിരുന്നു അലോക് വർമ്മ. പാനലിലുള്ള ഡോ.ആർ.വി.ജി മേനോൻ പങ്കെടുക്കും.
സർക്കാരിനു പകരം കെ-റെയിൽ സംവാദം സംഘടിപ്പിച്ചതിലും പദ്ധതിരേഖയിലെ പിഴവുകൾ സർക്കാർ തിരുത്താത്തതിലും കേരളത്തിനുണ്ടാവുന്ന ഗുണങ്ങൾ ചർച്ച ചെയ്യാനാണ് സംവാദമെന്ന അറിയിപ്പിലും പ്രതിഷേധിച്ചായിരുന്നു അലോക് വർമ്മയുടെ പിന്മാറ്റം.
കെ റെയിലിന് ആത്മാർത്ഥതയില്ലെന്നും സംസാരിക്കാൻ അവസരം ലഭിക്കുമെന്ന് കരുതുന്നില്ലെന്നും ശ്രീധർ രാധാകൃഷ്ണനും വ്യക്തമാക്കിയിരുന്നു.സംവാദത്തിലൂടെ വിമർശനങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്താമെന്നാണ് ആർ.വി.ജി മേനോന്റെ നിലപാട്.