
അഹമ്മദാബാദ്: രാജ്യത്തുതന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ് ഗുജറാത്ത് സർക്കാർ നടപ്പാക്കിയ ഡാഷ് ബോർഡ് സംവിധാനം. സാധാരണക്കാരുടെ പരാതികൾ തീർപ്പാക്കാനാണ് ഈ സംവിധാനം രൂപീകരിച്ചത്. സർക്കാർ ഉദ്യോഗസ്ഥരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.അത് വിജയം കാണുകയും ചെയ്തു.
2019 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വിരൽ തുമ്പിൽ സംസ്ഥാനത്തെ ഗവേർണൻസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും എത്തുന്ന തരത്തിലായിരുന്നു ഇത് വിഭാവനം ചെയ്തത്. അതായത് സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും ഉദ്യോഗസ്ഥരുടെ പ്രവർത്തനമികവ് ഉൾപ്പടെയുള്ള കാര്യങ്ങളും മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ ഓഫീസിലോ വീട്ടിലോ ഇരുന്ന് എപ്പോൾ വേണമെങ്കിലും വിലയിരുത്താം. എന്തെങ്കിലും പോരായ്മ കണ്ടാൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാം. കാെവിഡ് കാലത്ത് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ രോഗ ബാധിതർക്ക് മികച്ച ചികിത്സ ലഭിച്ചതിന് ഒരു കാരണം ഡാഷ് ബോർഡ് പദ്ധതിയാണെന്നാണ് വിലയിരുത്തുന്നത്.പദ്ധതിയുടെ മേന്മ വ്യക്തമായതോടെ കേന്ദ്രസർക്കാരിന്റെ ഭരണപരിഷ്കാര വകുപ്പുകൾ ഉൾപ്പടെയുള്ളവ ഡാഷ് ബോർഡ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
പദ്ധതി നിലവിൽ വന്നതോടെ ഉദ്യോഗസ്ഥ പരിഷ്‌കരണം, വൻകിട പദ്ധതികളുടെ നടപ്പാക്കൽ, ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, വ്യക്തിഗത നിരീക്ഷണം തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ സംസ്ഥാനത്തിന് കൈവരിക്കാനായി. ഒപ്പം അഴിമതിയോട് കടക്ക് പുറത്ത് എന്ന് പറയാനുമായി.
അടുത്തിടെ, പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിൽ ഡാഷ് ബോർഡ് പദ്ധതിയെക്കുറിച്ച് പരാമർശമുണ്ടായി. തുടർന്നാണ് ഇതിനെക്കുറിച്ച് വിശദമായി പഠിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ നിന്ന് ഉന്നതതല സംഘം ഗുജറാത്തിലേക്ക് പോകുന്നത്.