
കെജിഎഫ് 2വിൽ ലെനയുടെ  ശബ്ദ അരങ്ങേറ്റം
പാറയിൽ ചിരട്ട ഒരയ്ക്കുന്ന ശബ്ദമെന്ന്  'ഈ അടുത്തകാലത്ത് "വരെ ലെന കേട്ടു. ശബ്ദത്തിന് പുതിയ ഭാവം നൽകാൻ 'രണ്ടാം ഭാവത്തിൽ"ശ്രമിച്ചു. ഈ അടുത്ത കാലത്ത് സിനിമ മുതൽ തന്റെ ശബ്ദം ലെന ഒന്നു 'മാറ്റിപ്പിടിച്ചു" നോക്കി. എന്ന് നിന്റെ മൊയ്തീൻ, വിക്രമാദിത്യൻ ഉൾപ്പെടെ പിന്നീട് ഇതുവരെ വന്ന സിനിമകളിലെല്ലാം പ്രേക്ഷകർ പെട്ടെന്ന് തിരിച്ചറിയുന്നതായി ലെനയുടെ ശബ്ദം. അഭിനയ ജീവിതത്തിൽ ആദ്യമായി മറ്റൊരാൾക്ക് ശബ്ദം നൽകിയപ്പോൾ മല പോലെ വന്നു വീഴുന്നു അനുമോദനം.കെ ജി എഫ് ചാപ്ടർ 2 മലയാളം പതിപ്പിൽ രവീണ ടണ്ടന് ശബ്ദമായതിന്റെ വിശേഷങ്ങൾ ലെന 'വാരാന്ത്യകൗമുദി"യോടു പങ്കുവച്ചു.
കെജിഎഫ് 2വിൽ അഭിനയിച്ച പോലത്തെ സന്തോഷമാണല്ലേ ?
തീർച്ചയായും.സിനിമയിൽനിന്നും പുറത്തുംനിന്നും ഒരുപാട് ആളുകൾ വിളിച്ചു ശങ്കർ രാമകൃഷ്ണനാണ് കെജിഎഫ് 2 മലയാളം പതിപ്പിന് ഡയലോഗ് എഴുതിയത്. വളരെ ശക്തമായ ശബ്ദം വേണമെന്നും പഞ്ച് ഡയലോഗ് മാത്രമാണെന്നും ശങ്കർ പറഞ്ഞു. ബാംഗ്ളൂർ ആകാശ് സ്റ്റുഡിയോയിരുന്നു ഡബ്ബിംഗ്. ഡബ്ബിംഗ് പൂർത്തിയാകാൻ അഞ്ചുദിവസം വേണ്ടിവന്നു . മലയാളത്തിൽ ഒരു ദിവസം കൊണ്ട് ഡബ്ബിംഗ് ജോലി മുഴുവൻ പൂർത്തിയാകും.ഏറെ ബുദ്ധിമുട്ട് നേരിട്ടു.പാർലമെന്റിലെ കോറിഡോറിലൂടെ നടന്നു കൊണ്ടു റമിക സെൻ സംസാരിക്കുന്ന സീൻ ഞാൻ എന്നെ തന്നെ സങ്കല്പിച്ചാണ് ഡബ്ബ് ചെയ്തത്.
സ്വന്തം ശബ്ദത്തിന്റെ വില അവസാനം തിരിച്ചറിഞ്ഞു ?
എന്റെ ശബ്ദം എനിക്ക് എന്നും ഇഷ്ടമാണ്. എന്നാൽ കോളേജിൽ പഠിക്കുന്ന സമയം മുതൽ ശബ്ദത്തെ കൂട്ടുകാർ കളിയാക്കാറുണ്ട്. പതിനാറു വയസിലാണ് സിനിമയിൽ വരുന്നത്. നല്ല സുന്ദരമായ ശബ്ദമാണ് ആ സമയത്ത് നായികമാർക്കും പാട്ട് പാടുന്നവർക്കും. എന്നാൽ ഇപ്പോൾ അതു മാറി. ആളുകളുടെ കാഴ്ചപ്പാട് മാറിയതാണ് കാരണം. മുൻപ് നായികമാർ ഡബ്ബ് ചെയ്യാറില്ലായിരുന്നു. സ്വന്തം ശബ്ദം അല്ലെങ്കിൽ അവാർഡിന് പരിഗണിക്കില്ലെന്ന് സ്ഥിതി വന്നതോടെയാണ് മാറ്റം സംഭവിച്ചത്. ശബ്ദം മാറ്റി പിടിക്കാൻ ശ്രമിച്ച് കുറെ കാലം ഞാൻ  പോയി. കെജിഎഫ് 2വിനുശേഷം രാവിലെ എന്റെ ശബ്ദത്തെ പ്രശംസിച്ചുകൊണ്ടുള്ള മെസേജുകളാണ് വായിക്കുന്നത്. കെജിഎഫ് 2 കണ്ടപ്പോൾ റോക്കി ഭായിയുടെ കൂടെ ഞാനാണെന്ന് പോലും തോന്നി.
നടിമാർക്ക് ഇനിയും ശബ്ദമാകുമോ?
ഒരു പ്രാവശ്യം ചെയ്യുമ്പോൾ അതിനു ഒരു കൗതുകമുണ്ട്. ഇനി ആവർത്തിച്ചാൽ സുഖം പോകും.കെജിഎഫ് 3യിൽ രവീണ ടണ്ടൻ ഉണ്ടെങ്കിൽ മാത്രം പ്രതീക്ഷിക്കാം.അഭിനിയിച്ച സിനിമകൾ റിലീസിന് ഒരുങ്ങുന്നു. മോഹൻലാൽ - വൈശാഖ് ചിത്രം മോൺസ്റ്റർ.രസകരമായ കഥാപാത്രമാണ് ലൗ ജിഹാദിലേത്. ഒരു പൊലീസ് സ്റ്റേഷന്റെ കഥ പറയുന്ന വനിത എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നു. നയൻതാരയോടൊപ്പം തമിഴ് ചിത്രം . ആദ്യമായി രചന നിർവഹിച്ച ഒാളം പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നത് ആസ്വദിക്കുകയാണ്.സിനിമയിൽ എത്തിയിട്ട് അടുത്ത വർഷം ഇരുപത്തിയഞ്ച് വർഷം പൂർത്തിയാകും.സംവിധാനം, അതും അടുത്ത വർഷം നടക്കുമെന്നാണ് കരുതുന്നത്.