
ഇന്നസെന്റ് കഥകൾ 2
ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂളിൽ പഠിക്കുന്ന കാലം. അന്ന് അവിടെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ ആയിരുന്നു ഹെഡ്മാസ്റ്റർ.
ടീച്ചേഴ്സ് റൂമിൽ ടീച്ചർമാർ തമ്മിൽ ഓരോ വിദ്യാർത്ഥിയെക്കുറിച്ചും പറയും.
എട്ട് -എഫിൽ ഒരുത്തനുണ്ട് പേര് ഇന്നസെന്റ് അല്ലെങ്കിൽ സദാശിവൻ അവൻമാർ കുഴപ്പക്കാരാണെന്ന മട്ടിൽ ...
അന്ന് പഠിക്കുന്ന കുട്ടിയാണെങ്കിലും മാഷാകാനുള്ള പ്രായമുണ്ടെനിക്ക്. അങ്ങനെയിരിക്കെ പുതിയൊരു ടീച്ചർ വന്നു.പേര് സരസ്വതി. എല്ലാവരെയും പരിചയപ്പെട്ടു.
ഞാനും പേര് പറഞ്ഞു..
ഞാൻ എന്റെപേര് പറയുമ്പോൾ ടീച്ചർക്ക് മനസിന്റെയുള്ളിൽ ' നീയാണല്ലെ നിന്നെ ഞാൻ ശരിയാക്കി തരാമെടാ"എന്ന ചിന്തയായിരുന്നിരിക്കും .
അപ്പോൾ എന്റെയുള്ളിൽ ടീച്ചറെ... വേഷം കെട്ടൊന്നും എന്റടുത്തേക്ക് എടുക്കണ്ടെന്നും .
ക്ളാസിൽ മൂന്നാം കൊല്ലാണ് മനസി ലായോ എന്നുമായിരുന്നു.
സരസ്വതി ടീച്ചർ എന്നോട് ഒരു ചോദ്യം ചോദിച്ചു. ഡൽഹൗസി പ്രഭുവിന്റെ പരിഷ്കാരങ്ങളെക്കുറിച്ചായിരുന്നു അത്.ഞാനെഴുന്നേറ്റു പറഞ്ഞു റോഡുകൾ തോടുകൾ പാലങ്ങൾ.. ടീച്ചർ പേര് ചോദിച്ചപ്പോൾ ഞാൻ ഇന്നസെന്റെന്ന് തെളിച്ചു പറഞ്ഞിരുന്നില്ല .വിൻസെന്റെന്നാണ് പറഞ്ഞേക്കുന്നത്. ഇന്നസെന്റ് വന്നിട്ടില്ല എന്ന് ടീച്ചർ തെറ്റിദ്ധരിച്ചിരിക്കാം. ടീച്ചർ ഹാജർ പട്ടിക നോക്കിയപ്പോൾ വിൻസെന്റ് എന്നൊരു കുട്ടിയില്ല .
എന്താ പേര്? ടീച്ചർ വീണ്ടും ചോദിച്ചു.
വിൻസെന്റ്
എന്താ ? ശരിക്ക് പറയൂ...
ഇന്നസെന്റ്
അപ്പൊ ആദ്യം പറഞ്ഞത് ?
ഇവർ വിൻസെന്റന്നും വിളിക്കാറുണ്ട് അതുകൊണ്ട് ഞാൻ പറഞ്ഞൂന്നെയുളളു.
ടീച്ചർക്ക് ചിരിയും വരുന്നുണ്ട് എന്നോട് പിന്നീട് സംസാരിച്ചു കഴിഞ്ഞപ്പോഴാണ് ടീച്ചർക്ക് മനസിലാകുന്നത് ഡൽഹൗസി പ്രഭുവരെ മറന്ന പരിഷ്കാരങ്ങളാണ് ഞാൻ പറഞ്ഞതെന്ന്.
ടീച്ചർ എന്നോട് ചോദിച്ചു ഇതെത്രാമത്തെ വർഷമാണ് ?
തേർഡ് ഇയറാ.
തേർഡ് ഇയറോ ? അതെ മൂന്നാമത്തെ കൊല്ലം.
ആദ്യമേ ഞാൻ ചോദിച്ചല്ലോ ഒന്നാം കൊല്ലവും രണ്ടാം കൊല്ലവും തോറ്റ കുട്ടികൾ എഴുന്നേറ്റു നിൽക്കാൻ. താൻ എഴുന്നേറ്റ് നിന്നില്ലല്ലോ?
ഞാൻ തേർഡ് ഇയറല്ലേ.
ടീച്ചർക്ക് ഏകദേശം കാര്യങ്ങളൊക്കെ പിടികിട്ടി.
പഠിപ്പിക്കുന്ന സമയത്ത് ഫ്രഞ്ച് വിപ്ലവത്തെ പറ്റി ടീച്ചർ ചോദിച്ചു. ഞാൻ പേര് പറഞ്ഞുകൊടുത്തു വോൾട്ടയർ, റൂസ്സൊ, പക്ഷേ ബാക്കിയുള്ള കാര്യങ്ങളൊന്നും പറയാൻ എനിക്കറിയില്ല. ടീച്ചർ പറഞ്ഞു ഈ ഫ്രഞ്ച് വിപ്ലവവും ,അതുപോലെ തന്നെ വേറേ ഏതോ ഗുലുമാലുണ്ട് അതും 25 പ്രാവശ്യം വീതം ഇംപോസിഷൻ എഴുതിക്കൊണ്ടു വരാൻ .ഞാൻ പറഞ്ഞു എഴുതാൻ പറ്റില്ല
അതെന്താ എഴുതാൻ പറ്റാത്തത് ?
ഞാൻ ഇതു തുടങ്ങിയിട്ട് കാലം കുറച്ചായി
ഒരു കുട്ടിക്ക് എത്രമാത്രം ഇംപോസിഷൻ എഴുതാൻ സാധിക്കുമെന്ന് നിങ്ങളെക്കാൾ നന്നായി എനിക്കറിയാം. സ്നേഹം കൊണ്ട് പറയാ ടീച്ചറെ എഴുതാൻ പറ്റില്ല. ഒരു വെള്ളിയാഴ്ചയാണ് ഈ സംഭവം. ഞാൻ വീട്ടിൽ വന്നു സാറ്റർഡെ, സൺഡെ രണ്ട് ദിവസമുണ്ട് എന്നാലും എഴുതി തീരില്ല. തിങ്കളാഴ്ച ചെല്ലുമ്പോൾ ഇതു കാണിച്ചില്ലെങ്കിൽ അനുസരണക്കേടെന്നു പറഞ്ഞ് വൈലോപ്പിള്ളിയുടെ അടുത്തേക്ക് കൊണ്ടു പോകും. ശനിയാഴ്ച സൈക്കിൾ വാടകയ്ക്കെടുത്ത് ടീച്ചറുടെവീടിന്റെ മുന്നിലെത്തി.ഒരു നായര് പാലും കൊണ്ട് പോകുന്നു. ഞാൻ ചോദിച്ചു. ഇതാ സരസ്വതി ടീച്ചറിന്റെ വീടല്ലേ? അയാൾ പറഞ്ഞു അതെ. അറിഞ്ഞില്ലേ സരസ്വതി ടീച്ചറെ പെണ്ണുകാണാൻ വരണ ദിവസാ . ടീച്ചറുടെ ഗേറ്റിനു മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഞാൻ പോയി. ടീച്ചർ അവിടെ ഒരു തുണി അഴയിലിട്ടപ്പോൾ എന്നെ കണ്ടെങ്കിലും കാണാത്തതു പോലെ നിന്നു. ഞാൻ ചെറുതായി ഒച്ചയുണ്ടാക്കി .
ടീച്ചർ ചോദിച്ചു എന്താ?
അതിലേ വരട്ടേന്ന് ഞാൻ ചോദിച്ചു .
ടീച്ചറുടെ അച്ഛൻ അവിടെ ഇരിപ്പുണ്ട്
എന്താടോ?
ഞാൻ ടീച്ചറെ കാണാൻ വന്നതാ.
ടീച്ചർ ചോദിച്ചു എന്താ കാര്യം?
ടീച്ചറെ നമ്മൾ ഇന്നലെ പറഞ്ഞ ഡൽഹി ഹൗസും മറ്റും 50 പ്രാവശ്യം എഴുതാൻ രണ്ടു ദിവസം വിചാരിച്ചാലും നടക്കില്ല . അതൊരു അയ്യഞ്ച് പ്രാവശ്യം ആക്കി തരുമെങ്കിൽ നല്ലതായിയെന്നു പറഞ്ഞു.സ്കൂളിലെ കാര്യങ്ങൾ വീട്ടിൽ പറയേണ്ടെന്നായി ടീച്ചർ.
ഞാൻ സരസ്വതി ടീച്ചറുടെ അച്ഛന്റെയടുത്ത് അഞ്ച് പ്രാവശ്യമായിട്ട് കുറച്ചുതരാൻ മോളോട് പറയാൻ ആവശ്യപ്പെട്ടു. . അദ്ദേഹമൊരു മാഷായിരുന്നു .ഇത് മത്തിയും ചാളയുമൊന്നുമല്ലല്ലൊ വില കുറച്ചെന്നപോലെ ചോദിക്കാനെന്നായി അദ്ദേഹം. നിവൃത്തികേടുകൊണ്ടാണെന്ന് ഞാൻ പറഞ്ഞപ്പോൾ 'സരസ്വതീ അയാൾക്കൊന്നു കുറച്ചു കൊടുക്കാനാ പറയുന്നതെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. കുറച്ചു കൊടുക്കൽ ഇവിടില്ലാന്ന് പറഞ്ഞേക്കെന്നായിരുന്നു ടീച്ചറുടെ മറുപടി.. അങ്ങനെ ഞാൻ വളരെ സങ്കടത്തോടെ പുറത്തേക്കു വന്നു. വൈലോപ്പിള്ളി അറിഞ്ഞാൽ തിങ്കളാഴ്ച എന്റെ ശവമെടുപ്പാണ് അങ്ങനെ ഓരോന്ന് ആലോചിച്ചു. ഞാൻ സൈക്കിൾ സ്റ്റാന്റെടുത്തപ്പോൾ ഒരു കാറ് ടീച്ചറിന്റെ വീടിന്റെ മുന്നിൽ വന്നു നിന്നു.ഒരു ചെറുപ്പക്കാരനടക്കം മൂന്ന് നാലുപേര് കാറിൽ നിന്ന് ഇറങ്ങി. അകത്തോട്ട് പോയി.
ഞാൻ ആലോചിച്ചു എന്താ വേണ്ടേ. നമ്മുടെ ഇന്നത്തെ കുട്ടികൾക്കും ഈ ബുദ്ധിയൊക്കെ ഉണ്ടാകണം എന്നാണ് എന്റെ അഭിപ്രായം. ഞാൻ അവിടുന്ന് പതുക്കെ പതുക്കെ നടന്നു ചെന്ന് ആ ഗേറ്റിന്റെ തൊട്ടു മുന്നിൽ ചെന്നു.അവരൊക്കെ അകത്തു കടന്നിരിപ്പുണ്ട്. ടീച്ചർ ജനലിന്റെ അടുത്തു നിൽക്കുന്നു. ഞാനിങ്ങനെ വന്ന് നിൽക്കാണ്. എനിക്ക് നല്ല പ്രായമുണ്ടെന്നോർക്കണം. ഞാൻ നോക്കിയപ്പോൾ ഒന്നും എഴുതണ്ട പൊക്കൊ പൊക്കൊ.എന്ന് ടീച്ചർ. പെണ്ണുകാണാൻ വന്നിരിക്കുന്ന ചെറുക്കനൊക്കെ ആലോചിക്കില്ലേ.. ഈ ടീച്ചർക്കെന്താ ഇങ്ങനെയൊരു ഏർപ്പാടെന്ന് ഇങ്ങനെ ഒരുത്തൻ ഇവിടെ കിടന്ന് ചുറ്റി കറങ്ങുന്നുണ്ടല്ലോ ആ കല്യാണമൊഴിയും അതാണ് ഉണ്ടാകാൻ പോകുന്നത് . ടീച്ചർ അതെഴുതെണ്ടാന്ന് പറഞ്ഞു വീണ്ടും കൈകാണിച്ചു. തിങ്കളാഴ്ച ഞാൻ ക്ലാസിൽ വന്നു.ഒന്നുമെഴുതിയില്ല.ബെല്ലടിച്ചിട്ട് പോകണനേരത്ത് ടീച്ചർ നന്ദി സൂചകമായി എന്റെ മുഖത്ത് നോക്കിയൊന്നു ചിരിച്ചു.
കാലങ്ങളൊരുപാടു കഴിഞ്ഞു. എനിക്കും വയസ്സായി . അപ്പൊ എനിക്കൊരു കത്തു വന്നു. പ്രിയമുള്ള ഇന്നസെന്റ് എന്നു പറഞ്ഞ് സരസ്വതി ടീച്ചറുടേതായിരുന്നു ആ കത്ത്.അന്ന് ടീച്ചറെ കണ്ടയാളെത്തന്നെയാണ് വിവാഹം ചെയ്തതെന്ന് പറഞ്ഞു ഒരു ദിവസം ഫോൺ നമ്പർ അയച്ചു തന്നു. ഞാൻ വിളിച്ചു സംസാരിച്ചപ്പോൾ ടീച്ചർ വിങ്ങിപൊട്ടി .ടീച്ചർക്ക് ഒരുപാട് രോഗങ്ങളുണ്ടായിരുന്നു.
പിന്നീടൊരു ദിവസം എറണാകുളത്ത് ഒരു ഹോട്ടൽ ഉദ്ഘാടനത്തിന് ഞാൻ പോയി.സംഘാടകർ എനിക്കൊരു പൂ കൊണ്ടുള്ള ബൊക്കെ തന്നു.അതുനോക്കിയിരിക്കുമ്പോൾ ഒരാൾ അടുത്തുവന്നു.ഇന്നസെന്റ് ,സരസ്വതി ടീച്ചറെ അറിയില്ലേ ?അറിയുമെന്നു പറഞ്ഞപ്പോൾ ടീച്ചർ അന്നു മരിച്ചുവെന്നും തൃപ്പൂണിത്തുറയിലാണ് വീടെന്നും പറഞ്ഞു ഇന്നിവിടെ വരുമെന്നതിനാൽ വിവരം അറിയിക്കാൻ ടീച്ചറുടെ ഭർത്താവ് തന്നെ ചുമതലപ്പെടുത്തിയതാണെന്നും അയാൾ പറഞ്ഞു.ഞാൻ ആ പൂവുമായി അവിടേക്ക് പോയി.ടീച്ചറുടെ ഭൗതിക ദേഹത്തിനരികിൽ ആ പൂവ് വച്ചു.ടീച്ചർ പഠിപ്പിച്ച ആ പഴയകാലം എന്റെ മനസിൽ തിരയിളക്കി.
കണ്ണു നിറഞ്ഞു പോയി.